‘കർണാടകയുടെ അഭിമാനം, നല്ലത് നന്ദിനി’: ഐസ്ക്രീം കഴിച്ച്, അമുലിനെതിരെ രാഹുൽ

“ബെംഗളൂരു ∙ കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശം പകരുന്ന ‘പാൽ രാഷ്ട്രീയത്തിൽ’ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്ത് ‘അമുൽ’ ബ്രാൻഡിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ, ‘നന്ദിനി’യെ പിന്തുണച്ചാണു രാഹുൽ നിലപാട് വ്യക്തമാക്കിയത്. ഗുജറാത്തിലെ അമുൽ, കർണാടകയിൽ എത്തിയതു സംസ്ഥാനത്തെ പാൽ ബ്രാൻഡായ നന്ദിനിക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയാണു വിവാദം. കോലാറിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണു ബെംഗളൂരു ജെപി നഗറിലെ നന്ദിനി ഔട്ട്ലെറ്റ് രാഹുൽ സന്ദർശിച്ചത്. പാർലറിൽനിന്നു നന്ദിനി ഐസ്ക്രീം രാഹുൽ ആസ്വദിച്ചു കഴിച്ചു. ‘കർണാടകയുടെ അഭിമാനം– നന്ദിനിയാണ് ഏറ്റവും നല്ലത്’ എന്ന് ചിത്രത്തോടൊപ്പം ട്വീറ്റും ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സഹകരണ സ്ഥാപനമായ ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനാണ് (ജിസിഎംഎംഎഫ്) അമുൽ ബ്രാൻഡിന്റെ ഉടമസ്ഥർ. നന്ദിനിയുടെ ഉടമസ്ഥരായ കർണാടക മിൽക്ക് ഫെഡറേഷനിൽ (കെഎംഎഫ്) ഓഹരിയെടുത്ത് നിയന്ത്രണം സ്വന്തമാക്കാൻ ജിസിഎംഎംഎഫ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.”


