ഇഷ്ഫാഖ് അഹമ്മദുമായുള്ള കരാര്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലക സ്ഥാനം ഒഴിഞ്ഞ് ഇഷ്ഫാഖ് അഹമ്മദ്. കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. ഇഷ്ഫാഖിന്റെ കാലാവധി ഈ വര്‍ഷത്തോടെ അവസാനിക്കും. ഇഷ്ഫാഖുമായി ബ്ലാസ്റ്റേഴ്സ് കരാര്‍ പുതുക്കുന്നില്ല. 2020ല്‍ കാലാവധി കഴിഞ്ഞപ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് കരാര്‍ നീട്ടിനല്‍കിയിരുന്നു. ഈ കരാറാണ് 2023ഓടെ അവസാനിക്കുന്നത്. നേരത്തെ കിബു വികൂന പരിശീലക സ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ മുഖ്യപരിശീലകനായും ഇഷ്ഫാഖ് തിളങ്ങിയിരുന്നു. ഇഷ്ഫാഖിന്റെ എല്ലാ പരിശ്രമങ്ങള്‍ക്കും പിന്തുണക്കും നന്ദി രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചു. കേരള ബ്ലാസ്റ്റേഴ്സ് കുടുംബം എന്നും നിങ്ങളെ നന്ദിയോടെ ഓര്‍ക്കുമെന്നും ഭാവിപരിപാടികള്‍ക്ക് എല്ലാവിധ പിന്തുണ അറിയിക്കുന്നതായും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി. സൂപ്പര്‍കപ്പില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് പുറത്തായതിന് പിന്നാലെയാണ് ഇഷ്ഫാഖും പടിയിറങ്ങുന്നത്. അദ്ദേഹത്തിന്റെ അടുത്ത ചുവടും അവ്യക്തം. കേരള ബ്ലാസ്റ്റേഴ്സില്‍ കളിച്ച ഇഷ്ഫാഖ്, പിന്നീട് പരിശീലക വേഷത്തിലേക്ക് മാറുകയായിരുന്നു. ഐ.എസ്.എല്ലിലെ വിവാദങ്ങളെ തുടര്‍ന്ന് ഇവാന് വുകമിനോവിച്ചിന് വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാതലത്തില്‍ ഇഷ്ഫാഖ് പകരക്കാരനാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ബെല്ജിയാംകാരന് ഫ്രാങ്ക് ഡോവനെയാണ് ചുമതലയേല്‍പ്പിച്ചത്. സൂപ്പര്‍കപ്പില്‍ ശ്രീനിധി ഡെക്കാനോട് അപ്രതീക്ഷിത തോല്‍വിയും ബംഗളൂരു എഫ്.സിയോട് സമനിലയും പിടിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സ് പുറത്താകുകയും ചെയ്തു. അതേസമയം ഇഷ്ഫാഖിന്റെ പകരക്കാരന് ആരാണെന്ന് വ്യക്തമല്ല. Summary- Ishfaq Ahmed resigns as Kerala Blasters assistance coach

