തകര്‍ത്തടിച്ച് ഗ്രീന്‍, മുംബൈയ്ക്കെതിരേ ഹൈദരാബാദിന് 193 റണ്‍സ് വിജയലക്ഷ്യം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 193 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 64 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കാമറൂണ്‍ ഗ്രീനാണ് മുംബൈയുടെ ടോപ് സ്കോറര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന് കിഷനും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 4.4 ഓവറില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 18 പന്തില്‍ 28 റണ്‍സെടുത്ത രോഹിത് ശര്‍മയെ നടരാജന് പുറത്താക്കി. പിന്നാലെ വന്ന കാമറൂണ്‍ ഗ്രീന്‍ അടിച്ചുതകര്‍ത്തതോടെ മുംബൈ മികച്ച സ്കോറിലേക്ക് കുതിച്ചു. എന്നാല്‍ 12-ാം ഓവറില്‍ ഇഷാന് കിഷനെ മാര്‍ക്കോ യാന്സണ് പുറത്താക്കി. 31 പന്തില്‍ നിന്ന് 38 റണ്‍സെടുത്താണ് കിഷന് പുറത്തായത്. നാലാമതായി വന്ന സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. വെറും ഏഴ് റണ്‍സ് മാത്രമെടുത്ത് താരം മടങ്ങി. അഞ്ചാമനായി ക്രീസിലെത്തിയ മുംബൈയുടെ വിശ്വസ്ത ബാറ്റര്‍ തിലക് വര്‍മയെ കൂട്ടുപിടിച്ച് ഗ്രീന്‍ ടീം സ്കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 150 കടത്തി. നാലാം വിക്കറ്റില്‍ ഇരുവരും 56 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. തിലകിനെ സാക്ഷിയാക്കി ഗ്രീന്‍ അര്‍ധസെഞ്ചുറി നേടി. എന്നാല്‍ ടീം സ്കോര്‍ 150 കടന്നതിനുപിന്നാലെ തിലക് വര്‍മ പുറത്തായി. 17 പന്തില്‍ 37 റണ്‍സെടുത്ത താരത്തെ ഭുവനേശ്വര്‍ കുമാര്‍ മടക്കി. പിന്നാലെ വന്ന ടിം ഡേവിഡ് അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത് ടീം സ്കോര്‍ 190 കടത്തി. ഗ്രീന്‍ 40 പന്തുകളില്‍ നിന്ന് 64 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.ആറ് ഫോറും രണ്ട് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഡേവിഡ് അവസാന പന്തില്‍ റണ്‍ ഔട്ടായി. 11 പന്തില്‍ 16 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സണ്‍റൈസേഴ്സിനായി മാര്‍ക്കോ യാന്സണ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വറും നടരാജനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി

