വന്ദേഭാരതിനേക്കാള്‍ ശ്രദ്ധിക്കേണ്ടത് മോദിയുടെ ‘യുവം’; പ്രതിരോധിക്കാന്‍ സിപിഎം

തിരുവനന്തപുരം∙ വന്ദേ ഭാരതിനേക്കാള്‍ ഗൗരവത്തോടെ കാണേണ്ടത് നരേന്ദ്രമോദിയുടെ യുവാക്കളുമായുള്ള സംവാദത്തെയാണെന്ന് സിപിഎം. ഡിവൈഎഫ്ഐയെ മുന്‍നിര്‍ത്തി ബിജെപി നീക്കത്തിന്‍റെ മുനയൊടിക്കാനാണ് തീരുമാനം. 23ന് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ നടത്തുന്ന റാലികളില്‍ അഞ്ചു ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കും. വന്ദേഭാരത് ചര്‍ച്ചകള്‍ക്ക് ഏറെ ദിവസത്തെ ആയുസുണ്ടാവില്ലെന്ന് സിപിഎം വിലയിരുത്തി. നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള ബിജെപി ശ്രമത്തെ ചെറുക്കാനാണ് സിപിഎം തീരുമാനം. മോദിയുടെ വരവിന്‍റെ മുഖ്യ ഉദ്ദേശ്യം യുവം പരിപാടിയാണെന്ന് സിപിഎം കരുതുന്നു. അതില്‍ കുറഞ്ഞ പ്രാധാന്യം അതിനാല്‍ വന്ദേഭാരത് വിവാദത്തിന് നല്‍കിയാല്‍ മതി. ഡിവൈഎഫ്ഐയെ മുന്‍നിര്‍ത്തിയാണ് സിപിഎമ്മിന്‍റെ പ്രതിരോധം. യുവാക്കള്‍ പിന്തുണയ്ക്കുന്ന നേതാവ് മോദിയാണ് എന്ന ബിജെപി പ്രചാരണത്തിന്‍റെ മുനയൊടിക്കാനാണ് അദ്ദേഹത്തോടുള്ള നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ കളത്തിലിറങ്ങിയത്. വന്ദേഭാരത് ഏറെകാലത്തിനുശേഷം കേരളത്തിനു കിട്ടിയ ട്രെയിന്‍ മാത്രമാണെന്നാണ് സിപിഎം വ്യാഖ്യാനം. അത് ബിജെപി പ്രചാരണായുധമാക്കുന്നെന്നു മാത്രം. അതിന് തുടര്‍ച്ചയായി മറുപടി പറഞ്ഞ് പ്രചാരണ കോലാഹലം സൃഷ്ടിക്കേണ്ടതില്ല. സാധാരണ പ്രചാരണം മാത്രം മതി. വന്ദേഭാരതിനെ എതിര്‍ക്കില്ല. അത് കെ റയിലിന്‍റെ പ്രസക്തി വര്‍ധിപ്പിച്ചെന്നാകും സിപിഎം വാദം. നിലവിലെ ട്രാക്കിലൂടെ വന്ദേഭാരത് വേഗം കൂട്ടി ഓടിക്കാനായില്ലെന്ന് ട്രയല്‍ റണ്ണിലൂടെ വ്യക്തമായി. മറ്റു ട്രെയിനുകള്‍ വൈകുകയും ചെയ്യും. കെ–റെയില്‍ അപ്രസക്തമാകണമെങ്കില്‍ വന്ദേഭാരതിന് നാലുമണിക്കൂര്‍ കൊണ്ടെങ്കിലും കാസര്‍കോട് എത്താനാവണം. സില്‍വര്‍ലൈനിലൂടെ 20 മിനിറ്റില്‍ ഒരു ട്രെയിന്‍ ഓടും. വന്ദേഭാരത് പോലെ കാത്തിരിക്കേണ്ട. ഈടാക്കുന്ന ചാര്‍ജിലും കാര്യമായ വ്യത്യാസമില്ല. ഇക്കാര്യങ്ങളാകും സിപിഎമ്മിന്‍റെ മറുപടി. വേഗത്തില്‍ യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവരും സമ്മതിച്ചത് കെ–റയിലിന് അനുകൂലമായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കേന്ദ്രാവഗണനയ്ക്കെതിരായ ജനകീയ പ്രതിരോധ ജാഥയുടെ വിജയമാണ് വന്ദേഭാരത് വന്നതെന്നും സിപിഎം അവകാശപ്പെടും

