രാജ്യത്ത് 90 ശതമാനം ഇടത്തും അപകടകരമായ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതു മൂലം രാജ്യത്ത് ഇടക്കിടെ ഗുരുതര ഉഷ്ണതരംഗം സംഭവിക്കുന്നുവെന്നും രാജ്യത്തിന്റെ 90 ശതമാനം മേഖലയും ഉഷ്ണതരംഗ സാധ്യതയുള്ള അപകടമേഖലയാണെന്നും പുതിയ പഠനം.
കാംബ്രിഡ്ജ് സര്‍വകലാശാലയിലെ രമിത് ദേബാനന്ദും സഹപ്രവര്‍ത്തകരും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഡല്‍ഹി മാത്രമായും ഗുരുതര ഉഷ്ണതരംഗത്തിന് വിധേയമാകുന്നുണ്ട്. യു.എന്നിന്റെ സുസ്ഥിര വികസനമെന്ന ലക്ഷ്യം നേടുന്നതില്‍ നിന്ന് ഇന്ത്യക്ക് തടസമാകുന്നതും ഈ ഉഷ്ണതരംഗമാണ്.
50 വര്‍ഷത്തിനിടെ 17,000ത്തിലധികം പേര്‍ ഇന്ത്യയില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ അവാര്‍ഡ് ദാന ചടങ്ങിനെത്തിയ 13 പേര്‍ ഉഷ്ണതരംഗം മൂലം മരിച്ചതാണ് രാജ്യത്ത് ഒന്നിച്ച് ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവഹാനിക്കിടയാക്കിയ സംഭവമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഹീറ്റ് ഇന്‍ഡെക്സ് പ്രകാരം ഇന്ത്യയുടെ 90 ശതമാനം ഭാഗവും അപകടകരമായ ഉഷ്ണ തരംഗം സംഭവിക്കുന്ന മേഖലയാണ് എന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായത്. ഉഷ്ണവും ആര്‍ദ്രതയും കണക്കിലെടുത്ത്, ചൂട് എങ്ങനെയാണ് മനുഷ്യ ശരീരത്തില്‍ ബാധിക്കുന്നതെന്ന് കണക്കാക്കുന്നതാണ് ഹീറ്റ് ഇന്‍ഡെക്സ്.
ഈ പഠനം വ്യക്തമാക്കുന്നത് കൂടുതല്‍ ആളുകള്‍ ഉഷ്ണതരംഗം മൂലം അതികഠിനമായ കാലാവസ്ഥാ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ്. ഉഷ്ണതരംഗം ബാധിക്കുന്നതിനെ നേരിടാന്‍ ഇന്ത്യ തയാറാകാത്തിടത്തോളം കാലം സുസ്ഥിര വികസനമെന്ന ലക്ഷ്യം അകലെയായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
താപനില സമതലങ്ങളില്‍ കുറഞ്ഞത് 40 ഡിഗ്രി സെല്‍ഷ്യസിലും തീരപ്രദേശങ്ങളില്‍ കുറഞ്ഞത് 37 ഡിഗ്രി സെല്‍ഷ്യസിലും മലയോര പ്രദേശങ്ങളില്‍ കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസിലും എത്തുമ്ബോള്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ട്.
അതേസമയം, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്തെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയില്‍ നിന്നും ഉയര്‍ന്ന ചൂടായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ വകുപ്പ് ഈ മാസം ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാലയളവില്‍ അതിരൂക്ഷമായ ഉഷ്ണ തരംഗം മധ്യ-കിഴക്കന്‍ – വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
1901 മുതലുള്ള കണക്കുകള്‍ പ്രകാരം 2023 ലാണ് ഇന്ത്യയില്‍ ഫെബ്രുവരിയില്‍ ഏറ്റവും ചൂട് അനുഭവപ്പെട്ടത്.

