പെരുന്നാള്‍ ആഘോഷിക്കാന്‍ ഖത്തറിലേക്ക് സന്ദര്‍ശക പ്രവാഹം; എത്തിയത് നാല് ലക്ഷം പേര്

ദോഹ: പെരുന്നാള്‍ ആഘോഷിക്കാന്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വന്‍ സന്ദര്‍ശക പ്രവാഹം. ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് ഖത്തറിന്റെ കര അതിര്‍ത്തിയായ അബൂ സംറ കടന്നെത്തിയത് നാല് ലക്ഷത്തോളം സന്ദര്‍ശകരാണ്. 376,500 സന്ദര്‍ശകരും 107,300 വാഹനങ്ങളും അതിര്‍ത്തി കടന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അവധി അവസാനിച്ചെങ്കിലും പൗരന്മാര്ക്കും താമസക്കാര്‍ക്കുമുള്ള മെട്രാഷ് രണ്ട് ആപ്ലിക്കേഷനിലും സന്ദര്‍ശകര്‍ക്കുള്ള ഹയ്യ പ്ലാറ്റ്ഫോമിലും അതിര്‍ത്തിയിലെ തിരക്കൊഴിവാക്കാനുള്ള പ്രീ-രജിസ്ട്രേഷന് സേവനം തുടരും. ഈദ് അവധിക്ക് തൊട്ടുമുമ്ബാണ് ഖത്തര്‍ പൗരന്മാര്ക്കും താമസക്കാര്‍ക്കുമായി അബൂസംറ അതിര്‍ത്തി കടക്കുന്നതിനുള്ള പ്രീ-രജിസ്ട്രേഷന് സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. ഇത് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമായി അനുവദിച്ച ഫാസ്റ്റ് ലൈനിലൂടെ പുറപ്പെടാനും എത്തിച്ചേരാനുമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അതോടൊപ്പം മറ്റു പാതകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. പരമ്ബരാഗത വിനോദ കേന്ദ്രങ്ങളായ സൂഖ് വാഖിഫ്, കതാറ മുതല്‍ ലുസൈല്‍ ബൊലെവാഡ്, മിന ഡിസ്ട്രിക്ട് തുടങ്ങിയ പുതിയ ഹോട്ട് സ്പോട്ടുകളില്‍ വരെ നിരവധി സന്ദര്‍ശകരാണ് ഈദ് അവധിക്കാലത്ത് എത്തിയത്.

