KSDLIVENEWS

Real news for everyone

ദി കേരള സ്‌റ്റോറി: കൂട്ടുപിടിച്ചത്‌ കള്ളക്കണക്കുകളെ

SHARE THIS ON

തിരുവനന്തപുരം: മുസ്ലിം സമുദായത്തെയും മതനിരപേക്ഷ സമൂഹത്തെയും അധിക്ഷേപിക്കാന്‍ ‘ദി കേരള സ്റ്റോറി’ നിര്‍മാതാക്കള്‍ കൂട്ടുപിടിച്ചത് കള്ളക്കണക്കുകളെയെന്നതിന് കൂടുതല്‍ തെളിവ് പുറത്തുവന്നു.

പാര്‍ലമെന്റില്‍ ബിജെപി സര്‍ക്കാര്‍വച്ച കണക്കുകളും എന്‍ഐഎ ഉള്‍പ്പെടെ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകളും സിനിമ കള്ളംപറയുന്നെന്ന് തെളിയിക്കുന്നു. കണക്ക് പൊളിഞ്ഞതോടെയാണ് പുതിയ ട്രെയ്ലറില്‍ കണക്കു തിരുത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായത്.

കള്ളപ്രചാരണവും വര്‍ഗീയതാല്‍പ്പര്യങ്ങളുംമാത്രം ലക്ഷ്യംവച്ച്‌ നിര്‍മിച്ച സിനിമയെ ആവിഷ്കാര സ്വാതന്ത്ര്യവുമായി കൂട്ടിക്കുഴച്ച്‌ വിവാദമുണ്ടാക്കുന്നതിനു പിന്നിലും സംഘപരിവാര്‍. മുന്‍ മുഖ്യമന്ത്രിമാരുടെ വാക്കുകളെ സന്ദർഭത്തിൽ അടർത്തിയെടുത്ത് തെറ്റായി ഉദ്ധരിച്ചും സിനിമയ്ക്ക് ആളെക്കൂട്ടുകയാണ് ഇവര്‍. സംവിധായകന്‍ സുദീപ്തോ സെന്നും നിര്‍മാതാവ് വിപുല്‍ അമൃത് ഷായും ഇതേ അവകാശവാദം 2020ല്‍ എഴുതിയ ലേഖനത്തിലും ഉന്നയിച്ചിരുന്നു. 2018ല്‍ സുദീപ്തോ എടുത്ത ഡോക്യുമെന്ററിയിലാണ് തുടക്കം. ആള്‍ട്ട് ന്യൂസ് എന്ന വസ്തുതാ പരിശോധനാ വെബ് സംഘം അക്കാലത്തുതന്നെ ഈ അവകാശവാദങ്ങള്‍ പൊളിച്ചിരുന്നു. ആള്‍ട്ട് ന്യൂസ് സംവിധായകനോട് ഇതുസംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാനായില്ല.

പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രാലയം വച്ച കണക്കുകളിലും എന്‍ഐഎ റിപ്പോര്‍ട്ടുകളിലും 150നും 200നും ഇടയില്‍ ആളുകളേ പോയിട്ടുള്ളൂവെന്നാണ്. ഒബ്സര്‍വര്‍ റിസര്‍ച്ച്‌ ഫൗണ്ടഷന്‍ നടത്തിയ അന്വേഷണത്തിലും (2014–-18) അതുതന്നെ. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലായി തീവ്രവാദ പ്രസ്ഥാനത്തോട് താല്‍പ്പര്യമുള്ളവര്‍തന്നെ 300ല്‍ താഴെ. 110 രാജ്യത്തുനിന്നായി ആകെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുള്ളത് 40,000 പേരാണ്. ഇത്തരം വസ്തുതകള്‍ പുറത്തുവന്നതോടെയാണ് ഗത്യന്തരമില്ലാതെ സിനിമാ നിര്‍മാതാക്കള്‍ കണക്ക് തിരുത്തിയത്.

വാര്‍ത്തയിലോ വിവാദത്തിലോ വന്നില്ലെങ്കില്‍ക്കൂടി സിനിമ കരുതിക്കൂട്ടി പ്രചരിപ്പിക്കാനുള്ള ഗൂഢ പദ്ധതിയാണ് ഇത് തെളിയിക്കുന്നത്. ആറു ദിവസത്തിനിടെ യു ട്യൂബില്‍മാത്രം 17 ലക്ഷം പേര്‍ ട്രെയിലര്‍ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!