രക്ഷാപ്രവര്‍ത്തനം ദുഷ്കരം; അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത് ചെറിയ തോണികളില്‍

താനൂര്‍: വിനോദയാത്രാ ബോട്ട് അപകടത്തില്‍പ്പെട്ടത് രാത്രിയോടെ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. കടലും കായലും സംഗമിക്കുന്ന സ്ഥലമാണ് അപകടം നടന്ന പ്രദേശം. ഇവിടെനിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ബോട്ട് അവസാന ട്രിപ്പിനിടെയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. അപകടവിവരം പുറത്തറിഞ്ഞപ്പോഴേക്കും ഇരുട്ട് വ്യാപിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. ഫയര്‍ഫോഴ്സ് അടക്കം എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചെറിയ തോണികള്‍ ഉപയോഗിച്ചായിരുന്നു നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. ചെറിയ തോണികളില്‍ അപകടം നടന്ന സ്ഥലത്തേക്ക് എത്തി നാട്ടുകാര്‍ ഒന്നും രണ്ടുപേരെ രക്ഷപ്പെടുത്തുകയാണ് ആദ്യംചെയ്തത്. അപ്പോഴേക്കും പ്രദേശത്ത് ആള്‍ക്കൂട്ടമായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്നാണ് വിവരം. പിന്നാലെ കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നുമുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളും ദുരന്തനിവാരണ സേനയും രംഗത്തെത്തി. ബോട്ട് ഉയര്‍ത്താനും കരയിലേക്ക് എത്തിക്കാനുള്ള ശ്രമവും പിന്നീടാണ് നടന്നത്. മുപ്പതോളംപേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാരില്‍നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഒരു വലിയ കുടുംബത്തില്‍പ്പെട്ട നിരവധിപേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്ന വിവരവും നാട്ടുകാര്‍ നല്‍കുന്നുണ്ട്. രക്ഷപ്പെടുത്തിയവരെ കോട്ടക്കല്‍, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കാണ് കൊണ്ടുപോയത്. അവസാന ട്രിപ്പില്‍ യാത്രപോയവര്‍ തിരികെ വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം.

