KSDLIVENEWS

Real news for everyone

ഉല്ലാസത്തിനു വേണം, സുരക്ഷ; നീലേശ്വരം കോട്ടപ്പുറത്തും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കണമെന്ന് ആവശ്യം

SHARE THIS ON

നീലേശ്വരം ∙ മലപ്പുറം താനൂരിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഹൗസ്ബോട്ട് സഞ്ചാര കേന്ദ്രമായ നീലേശ്വരം കോട്ടപ്പുറത്തും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കണമെന്ന ആവശ്യമുയരുന്നു. കോട്ടപ്പുറവും സമീപങ്ങളും കേന്ദ്രീകരിച്ചു നിലവിൽ 31 ഹൗസ്ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ എല്ലാറ്റിനും കാസർകോട് ഡിസ്ട്രിക്ട് ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷനിൽ അംഗത്വമുണ്ട്. ജില്ലയിലെ ഹൗസ്ബോട്ടുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് കണ്ണൂർ ജില്ലയിലെ അഴീക്കൽ പോർട്ടിൽ നിന്നാണ്.

നിലവിൽ സർവീസ് നടത്തുന്ന 31 ഹൗസ്ബോട്ടുകളിൽ ചിലതിന്റെ ലൈ‍സൻസ് നടപടികൾ അവസാനഘട്ടത്തിലാണ്. പക്ഷെ പോർട്ട് ഓഫിസ് പ്രതിനിധികൾ നടത്തുന്ന സർവേ നടപടികൾ പൂർത്തിയാകുന്നതോടെ തന്നെ ഇവയ്ക്കു സർവീസ് നടത്താമെന്നു പറയുന്നു. നിർമാണ ഘട്ടത്തിൽ തുടങ്ങുന്ന ഹൗസ്ബോട്ടിന്റെ സുരക്ഷാ പരിശോധനകൾ എല്ലാം പൂർത്തീകരിച്ച ശേഷമാണ് പോർട്ട് ലൈസൻസ് നൽകുന്നതെങ്കിലും പിന്നീട് കർശന പരിശോധനകൾ നടക്കുന്നത് 5 വർഷത്തിനു ശേഷം ലൈസൻസ് പുതുക്കുമ്പോൾ മാത്രമാണ്. അതുവരെ ഫിറ്റ്നസ്, ഫയർ സേഫ്റ്റി, പൊല്യൂഷൻ ഉൾപ്പെടെയുള്ള ഒറ്റപ്പെട്ട പരിശോധനകൾ ഊഴമിട്ടു നടത്തി വരുന്നുണ്ട്.

വ്യവസ്ഥകൾ കർശനമാക്കും

സുരക്ഷാ പരിശോധനയ്ക്കുള്ള ക്രമീകരണം ജില്ലയിലില്ല. ഇതു പരിഹരിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇടപെട്ടു മാസങ്ങൾക്കു മുൻപു തന്നെ മുഴുവൻ ഹൗസ്ബോട്ടുകളുടെയും വിവരശേഖരണം തുടങ്ങിക്കഴിഞ്ഞു. കേരള ഇൻലാൻഡ് വെസൽ(കെഐവി) എന്ന പൊതു സീരിസിൽ പോർട്ട് ഓഫിസ് നൽകി വരുന്ന റജിസ്ട്രേഷൻ നമ്പറിനു പുറമ‌േ പൊതുവാഹനങ്ങൾക്ക് അതതു തദ്ദേശസ്ഥാപനങ്ങൾ പാർക്കിങ് നമ്പർ നൽകി വരുന്നതു പോലെ ഒരു നമ്പർ കൂടി നൽകാനാണു നടപടികൾ പുരോഗമിക്കുന്നത്.  ലൈസൻസും ബോട്ടിൽ എത്ര പേരെ കയറ്റാമെന്ന വാഹകശേഷി സർട്ടിഫിക്കറ്റും എല്ലാം ബോട്ടിൽ പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ കർശനമാക്കാനും ആലോചനയുണ്ട്. ഇതിനെല്ലാം മുന്നോടിയായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് ഡിടിപിസി 2022 നവംബർ 10നു കോട്ടപ്പുറത്ത് മോക്ഡ്രിൽ നടത്തി സുരക്ഷാ നിർദേശങ്ങൾ നൽകിയിരുന്നു.

മാരിടൈം കേന്ദ്രം

ഡ്രൈവർ, സ്റ്റുവാഡ്, ഷെഫ് എന്നിങ്ങനെ 3 പേരാണ് ഓരോ വഞ്ചിവീട്ടിലെയും തൊഴിലാളികൾ. ഇവർക്കു പരിശീലനവും ലൈസൻസും നൽകുന്നത് കേരള മാരിടൈം ബോർഡാണ്. മതിയായ പരിശീലനമില്ലാതെ മീൻപിടിത്ത ബോട്ട് ഓടിക്കുന്നവരാണ് ഹൗസ്ബോട്ടുകൾ ഓടിക്കുന്നതെന്ന് ആരോപണമുണ്ട്. പക്ഷെ കടലിൽ ബോട്ട് ഓടിക്കുന്നവർക്കു കായലിലൂടെ ബോട്ട് ഓടിക്കുന്നതു താരതമ്യേന എളുപ്പമാണെന്നു പറയുന്നു.

ഇവർക്കു പരിശീലനവും ലൈസൻസും നൽകാൻ ജില്ലയിൽ സംവിധാനമൊരുക്കുമെന്ന പ്രഖ്യാപനം നടപ്പാകാത്തതിനാൽ നിലവിൽ വഞ്ചിവീടുകളിൽ ജോലി ചെയ്തു വരുന്നവരിൽ പലരുടെയും ലൈസൻസ് ക്യൂവിലാണ്. ഇതും പരിഹരിക്കണമെന്ന് ആവശ്യമുണ്ട്. സീസണിൽ ഒരേ ഹൗസ്ബോട്ട് തന്നെ പകൽ സർവീസും സൺസെറ്റ്, മൂൺലൈറ്റ് ക്രൂസുകളും ബുക്ക് ചെയ്യുമ്പോൾ ജോലിക്കാർക്കു മതിയായ വിശ്രമം ലഭിക്കാൻ സംവിധാനം വേണമെന്നും ഓരോ സീസണിലെങ്കിലും വിവിധ വകുപ്പുകളുടെ ഏകോപന സമിതി ഹൗസ്ബോട്ടുകളിൽ പരിശോധന നടത്തി സുരക്ഷ വിലയിരുത്തണമെന്നും ആവശ്യമുണ്ട്.

ബോട്ട് ചാനലിലെ മാറ്റം

ഹൗസ്ബോട്ട് ഉടമസ്ഥർ ദീർഘകാലമായി ആവശ്യപ്പെടുന്ന 2 കാര്യങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. കോട്ടപ്പുറത്തു നിന്നു പുറപ്പെടുന്ന ബോട്ടുകൾ നിലവിൽ നീലേശ്വരം അഴിമുഖത്തോടു ചേർന്നാണു സഞ്ചരിക്കുന്നത്. ഇത് അലകളും ചുഴികളും ഉൾപ്പെടെയുള്ള അപകടസാധ്യതയേറിയ വഴിയാണ്. കോട്ടപ്പുറം കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന ഹൗസ്ബോട്ടുകളുടെ എണ്ണം കൂടിയപ്പോൾ തന്നെ നിലവിലെ ബോട്ട് ചാനലിനു കിഴക്കു മാറി അപകടസാധ്യതയില്ലാത്ത മറ്റൊരു ചാനൽ പണിതു നൽകണമെന്നാവശ്യപ്പെട്ട് ഉടമസ്ഥരുടെ സംഘടന ഉൾനാടൻ ജലഗതാഗത വകുപ്പിന് അപേക്ഷ നൽകിയിരുന്നു. 2023 ഫെബ്രുവരി 20ന് കോട്ടപ്പുറം വഞ്ചിവീട് ടെർമിനൽ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒന്നു കൂടി അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല.

ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ്ബോട്ടുകൾക്കു ജില്ലാതലത്തിൽ റജിസ്ട്രേഷനും നമ്പറും നൽകി ഉടമ്പടി തന്നെയുണ്ടാക്കാനുള്ള ശ്രമങ്ങൾ കലക്ടറുടെ മേൽനോട്ടത്തിൽ മാസങ്ങളായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തി വരികയാണ്. പരിശോധന, ബോധവൽക്കരണം എന്നിവയിലൂന്നിയ ക്രമീകരണങ്ങളും ഉടൻ ഉണ്ടാകും. ആവശ്യമായത്ര ലൈഫ് ജാക്കറ്റ്, ബോയെ എന്നിവ കരുതിയിട്ടുണ്ടെന്നും യാത്രക്കാർ അണിയുന്നുണ്ടെന്നും ഉറപ്പു വരുത്തും. ബോട്ടിന്റെ വാഹകശേഷി യാത്രക്കാർ കാണുംവിധം പ്രദർശിപ്പിക്കാനും കർശനമായി പാലിക്കാനും നിർദേശം നൽകും. ലിജോ ജോസഫ്, സെക്രട്ടറി, ഡിടിപിസി.

വഞ്ചിവീടുകളിൽ അധികൃതരുടെ നിർദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ കാസർകോട് ഡിസ്ട്രിക്ട് ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ കൃത്യമായി ഇടപെടുന്നുണ്ട്. നീലേശ്വരം അഴിമുഖത്തിനു സമീപം പുതിയ ബോട്ട് ചാനൽ ഒരുക്കുന്ന കാര്യത്തിലും ജില്ലയിൽ അനുവദിച്ച കേരള മാരിടൈം ബോർഡ് കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി ഹൗസ്ബോട്ട് തൊഴിലാളികളുടെ പരിശീലനവും ലൈസൻസിങും കാര്യക്ഷമവും കർശനവുമാക്കുന്നതിൽ അധികൃതരുടെ അടിയന്തര ഇടപെടൽ വേണം. 2000ൽ ബിആർഡിസി 2 ഹൗസ്ബോട്ടുകളുമായി നീലേശ്വരം കോട്ടപ്പുറത്തു തുടങ്ങിയ സർവീസ് ഇന്നു സഞ്ചാരികളുടെ ഹരമായിക്കഴിഞ്ഞു. ശിവദാസ് കീനേരി, പ്രസിഡന്റ്, കാസർകോട് ജില്ലാ ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!