KSDLIVENEWS

Real news for everyone

ഹൗസ്ബോട്ടിൽ ഇനി സുരക്ഷിത യാത്ര; ഫിറ്റ്നസും ലൈസൻസുമുള്ള ഹൗസ്ബോട്ടുകൾ മാത്രം ഇന്നു മുതൽ ഓടും, ഇല്ലാത്തവയ്ക്ക് വിലക്ക്

SHARE THIS ON

നീലേശ്വരം ∙ താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഹൗസ്ബോട്ട് സർവീസ് സുരക്ഷിതമാക്കാൻ പൊലീസ് ഇടപെടൽ. സർക്കാർ നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ കടുത്ത നിർദേശങ്ങളാണു നൽകിയത്. ഫിറ്റ്നസും ലൈസൻസുമുള്ള ബോട്ടുകൾക്കു മാത്രമാണ് ഇന്നു മുതൽ സർവീസ് നടത്താൻ അനുമതി. ഇവ ഇല്ലാത്ത ഹൗസ്ബോട്ടുകൾ ഓടരുതെന്ന് പൊലീസ് ഉടമകളോടു നിർദേശിച്ചു.

നീലേശ്വരം കോട്ടപ്പുറത്തു വഞ്ചിവീടുകളുടെ സുരക്ഷാ പരിശോധനയ്ക്കായി എത്തിയ പോർട്ട് ഓഫിസ് സർവേയർ ഹൗസ്ബോട്ട് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ് എടുക്കുന്നു.

നിർദിഷ്ട മാർഗരേഖയിൽ നിന്നു വ്യതിചലിക്കുന്നുണ്ടോയെന്നു നോക്കാൻ പൊലീസ് ഇന്നു മുതൽ കർശനമായ പരിശോധനകൾ നടത്തും. തീരദേശ പൊലീസിന്റെ സഹായത്തോടെയാകുമിത്. ഡിവൈഎസ്പിക്കു പുറമെ നീലേശ്വരം സിഐ കെ.പ്രേംസദൻ, എസ്ഐമാരായ ടി.വൈശാഖ്, മഹേന്ദ്രൻ, കാസർകോട് ഡിസ്ട്രിക്ട് ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശിവദാസ് കീനേരിയുടെ നേതൃത്വത്തിൽ ഹൗസ്ബോട്ട് ഉടമകളും യോഗത്തിൽ പങ്കെടുത്തു. അതിനിടെ ജില്ലയിലെ ഹൗസ്ബോട്ടുകൾക്കു ലൈസൻസ് നൽകുന്ന കണ്ണൂർ അഴീക്കൽ പോർട്ട് ഓഫിസിലെ സർവേയറും ഇന്നലെ നീലേശ്വരം കോട്ടപ്പുറത്തെത്തി ഹൗസ്ബോട്ടുകളുടെ പരിശോധന തുടങ്ങി. സംസ്ഥാനത്താകെ ബോട്ട് ലൈസൻസ് കൊടുക്കുന്നതിനു മുൻപുള്ള പരിശോധനയ്ക്കായി 2 സർവേയർ മാത്രമാണുള്ളത്. ഇതിനാൽ കോട്ടപ്പുറം കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 31 ഹൗസ്ബോട്ടുകളിൽ പലതിന്റെയും ലൈസൻസ്, ലൈസൻസ് പുതുക്കൽ അപേക്ഷകളുടെ ഭാഗമായുള്ള പരിശോധനകൾ മുടങ്ങിക്കിടക്കുകയാണ്. 6 മാസം മുൻപു നൽകിയ അപേക്ഷകളിൽ പോലും പരിശോധന നടത്തിയിട്ടില്ലെന്നു ഹൗസ്ബോട്ട് ഉടമകൾ പറയുന്നു. 2 ജില്ലകൾക്ക് ഒരു സർവേയറെങ്കിലും വേണമെന്നതു ദീർഘകാലമായുള്ള ആവശ്യമാണ്. ബോട്ടിലെ സാങ്കേതിക വിഭാഗം ജീവനക്കാർക്കുള്ള പരിശീലനത്തിനും ലൈസൻസിങ് നടപടികൾക്കും പൊന്നാനിയിൽ മാത്രമേ സൗകര്യമുള്ളൂ. സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ ഇടപെടലിൽ മർച്ചന്റ് നേവി ക്ലബിന്റെ സഹകരണത്തോടെ കേരള മാരിടൈം അക്കാദമി കേന്ദ്രം ഉദുമയിൽ തുടങ്ങാൻ ധാരണയായെങ്കിലും പൂർണതോതിൽ സജ്ജമായിട്ടില്ല. കോട്ടപ്പുറം കേന്ദ്രീകരിച്ച് ഓടുന്ന മുഴുവൻ വഞ്ചിവീടുകളും പരിശോധിക്കാൻ പോർട്ട് ഓഫിസ് സർവേയർ തുടർന്നുള്ള ദിവസങ്ങളിലും ജില്ലയിൽ ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!