പിരിച്ചെടുത്ത പണവുമായി സംഘാടകർ മുങ്ങി; ആസ്വാദകരെ നിരാശരാക്കാതെ വേദിയിൽ കയറി കലാകാരന്മാർ

തൃക്കരിപ്പൂർ ∙ ഗാനമേളയ്ക്ക് പിരിച്ചെടുത്ത പണവുമായി സംഘാടകർ മുങ്ങി. പരിപാടി അവതരിപ്പിക്കാനെത്തിയ കലാകാരൻമാർ ആസ്വാദകരെ നിരാശപ്പെടുത്താതെ പാടി. കഴിഞ്ഞദിവസം സൗത്ത് തൃക്കരിപ്പൂരിലാണ് നാടകീയ സംഭവം.ഇളമ്പച്ചി മിനി സ്റ്റേഡിയത്തിൽ ഇവന്റ് മാനേജ്മെന്റ് സംഘടിപ്പിച്ചതായിരുന്നു പരിപാടി. കണ്ണൂർ ഷെറീഫ്, കൊല്ലം ഷാഫി, രഹന തുടങ്ങി അറിയപ്പെടുന്ന ഗായകർ ഉൾപ്പെടെ 12 കലാകാരൻമാരും തൃശൂരിൽ നിന്നുള്ള ഡാൻസ് ടീമും പിന്നണിക്കാരും ഉൾപ്പെടെ 50 ഓളം പേർ സമയം പാലിച്ച് പരിപാടി നടത്തുന്നതിനു എത്തി. പക്ഷേ, നിശ്ചിത സമയം കഴിഞ്ഞിട്ടും സംഘാടകരെ കണ്ടില്ല. അതേ സമയം പരിപാടി അവതരിപ്പിക്കാനുള്ള വേദി പൂർണ സജ്ജമായിരുന്നു. വൈകിയതോടെ ആസ്വാദകർ അസ്വസ്ഥരായി. തുടർന്നു കലാകാരൻമാരുടെ ടീം അംഗം വേദിയിലെത്തി വിവരങ്ങൾ വിശദീകരിച്ചു. തങ്ങളുടെ പരിപാടി ബുക്ക് ചെയ്തു പണം പിരിച്ചെടുത്ത രണ്ടംഗ സംഘം മുങ്ങിയതായി അറിയിച്ചു. തത്സമയം വേദിയിൽ വലിയ സ്ക്രീനിൽ 2 പേരുടെ പടങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. സംഘാടകർ മുങ്ങിയെങ്കിലും പരിപാടി തങ്ങൾ അവതരിപ്പിക്കുമെന്നും ആസ്വാദകരാണു തങ്ങളുടെ കരുത്തും ചോറുമെന്നും അംഗം വിശദീകരിച്ചു. തുടർന്നു ഗാനമേള ഒരുക്കി. മെഹ്ഫിൽ നിലാവ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണം നൽകുകയും ഓൺലൈൻ ബുക്കിങ്ങിലൂടെ വൻതുക പിരിച്ചെടുക്കുകയും ചെയ്തു. പരിപാടി ആരംഭിക്കുന്നതിനു മുൻപ് രാത്രി 8നും വേദിക്കരികിൽ നിന്നു പണം പിരിച്ച ശേഷം പൊടുന്നനെയാണത്രെ രണ്ടംഗ സംഘത്തെ കാണാതായത്. ഇരിട്ടി മേഖലയിൽ നിന്നുള്ളവരാണ് പറ്റിച്ചു കടന്നുകളഞ്ഞ സംഘാംഗങ്ങളെന്നു പറയുന്നു. കബളിപ്പിക്കലിനു ഇരയായവർ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. മൈ ഇവന്റ് മാനേജ്മെന്റ് എന്ന പേരിൽ പരിചയപ്പെടുത്തിയാണ് ഇവർ പരിപാടി ബുക്ക് ചെയ്തത്. ലക്ഷക്കണക്കിനു രൂപ പിരിച്ചെടുത്തെന്നു പറയുന്നു. കലാകാരൻമാർക്കൊപ്പം പരിപാടിക്ക് ആവശ്യമായ മറ്റു സംവിധാനം ഒരുക്കിയവരും കബളിപ്പിക്കപ്പെട്ടു

