നാല് പ്രവർത്തകർ കൊലചെയ്യപ്പെട്ടിട്ടും സിപിഎം സംയമനം പാലിച്ചു ; ബിജെപിക്കും കോൺഗ്രസിനുമെതിരെ കോടിയേരി

തിരുവനന്തപുരം : സംസ്ഥാനത്ത് അക്രമരാഷ്ട്രീയത്തിന്റെ കൊലക്കത്തി താഴെവക്കാൻ കോൺഗ്രസും ബിജെപിയും തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . 40 ദിവസംകൊണ്ട് നാല് സിപിഎം പ്രവർത്തകരാണ് കൊല്ലപ്പെട്ടത് . എന്നാൽ സിപിഎം സംയമനം പാലിച്ചുവെന്നും സമാധാനം നിലനിർത്താനാണ് അത്തരം സമീപനമെന്നും കോടിയേരി പറഞ്ഞു . വെഞ്ഞാറമ്മൂട് കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ആയിരുന്നു . ഇപ്പോൾ തൃശ്ശൂരിൽ കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു . നാടിന് പ്രിയങ്കരനായ സനൂപിനെ ഒരു പ്രകോപനവുമില്ലാതെയാണ് ബിജെപി കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു . അക്രമരാഷ്ട്രീയത്തിനെതിരെ സിപിഎം പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു . കേരളത്തിൽ നടക്കുന്നത് സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് . എന്നാൽ മാധ്യമങ്ങളെ ഉൾപ്പെടെ ഉപയോഗിച്ച് അത് ജനങ്ങളിലേക്ക് എത്താതിരിക്കാൻ ശ്രമം നടത്തുന്നുവെന്നും കോടിയേരി ആരോപിച്ചു . മാധ്യമങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും .
കോടിയേരി പറഞ്ഞു . എറണാകുളത്ത് കോൺഗ്രസ് എംഎൽഎ പി.ടി തോമസിന് നേരെയുണ്ടായ ആരോപണത്തിലും കോടിയേരി പ്രതികരിച്ചു . എംഎൽഎ കളങ്കിതനാണോ എന്ന് കോൺഗ്രസ് തീരുമാനിക്കട്ടേയെന്നും കോടിയേരി പറഞ്ഞു . സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം

