കൊച്ചിയില്‍നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടു പറക്കാം ; പൂര്‍വേഷ്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

നെടുമ്ബാശേരി : പുര്വേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) വര്‍ധിപ്പിച്ചു. ആഗസ്ത് 12 മുതല്‍ വിയറ്റ്നാമിലെ ഹോ-ചി-മിൻ സിറ്റിയിലേക്ക് ആഴ്ചയില്‍ നാലു ദിവസം നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കും. ഇതോടെ പൂര്‍വേഷ്യയിലേക്ക് കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള പ്രതിവാര സര്‍വീസുകളുടെ എണ്ണം 45 ആകും. തിങ്കള്‍, ബുധൻ, വെള്ളി, ശനി ദിവസങ്ങളില്‍ വിയറ്റ് ജെറ്റ് (VIETJET) ആണ് ഹോ-ചി-മിൻ സിറ്റിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തില്‍നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യത്തെ വിമാന സര്‍വീസാണിത്. സിയാലിന്റെയും രാജ്യത്തിന്റെ ടൂറിസം വ്യവസായത്തിന്റെയും വികസനത്തിന് ഇത് നാഴികക്കല്ലാകും. നിലവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്. സിംഗപ്പൂരിലേക്ക് രണ്ട് പ്രതിദിന വിമാന സര്‍വീസുകളാണ് ഉള്ളത്. ആഴ്ചയില്‍ ആറു ദിവസം ബാങ്കോക്കിലേക്ക് ഒരു വിമാന സര്‍വീസും ക്വാലാലംപൂരിലേക്ക് മൂന്ന് പ്രതിദിന സര്‍വീസുകളുമാണ് സിയാലില്‍നിന്ന് ഉള്ളത്. സിയാലില്‍നിന്ന് പൂര്‍വേഷ്യൻ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും, കേരളത്തിനും വിയറ്റ്നാമിനുമിടയില്‍ നേരിട്ടുള്ള പുതിയ എയര്‍ റൂട്ട് ടൂറിസത്തെ വലിയരീതിയില്‍ സഹായിക്കുമെന്നും സാമ്ബത്തിക, സാംസ്കാരിക വിനിമയം വര്‍ധിക്കുമെന്നും സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു. കഴിഞ്ഞ സാമ്ബത്തികവര്‍ഷം 89.82 ലക്ഷം യാത്രക്കാര്‍ സിയാല്‍വഴി യാത്ര ചെയ്തു. നടപ്പുസാമ്ബത്തികവര്‍ഷം ഒരു കോടിയിലേറെ യാത്രക്കാരെയാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാംസ്ഥാനത്താണ് കൊച്ചി വിമാനത്താവളം.

