ചെമ്മട്ടം വയലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം ; ആശങ്കയുടെ തീനാളങ്ങൾ; 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; തീ അണയ്ക്കാനായത് വൈകിട്ടോടെ

കാഞ്ഞങ്ങാട് ∙ നഗരസഭയുടെ ചെമ്മട്ടംവയലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. സംസ്കരണ കേന്ദ്രത്തിന്റെ കിഴക്കു-തെക്കേ അറ്റത്തെ ലെഗസി (വർഷങ്ങളായി സംസ്കരിക്കാതെ കൂട്ടിയിട്ട) മാലിന്യക്കൂനയിലാണ് തീപിടിച്ചത്. സംസ്കരണ കേന്ദ്രത്തിന്റെ തെക്കുഭാഗത്ത് സ്വകാര്യ വ്യക്തി തന്റെ പറമ്പിൽ തീയിട്ടിരുന്നു. ഇതിൽ നിന്നാകാം തീ പകർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയ്ക്ക് 12.15ന് ആണ് തീപടർന്നത്. സമീപവാസികൾ വിവരം ആദ്യം പൊലീസിലും പിന്നീട് അഗ്നിരക്ഷാസേനയെയും അറിയിച്ചു. കാഞ്ഞങ്ങാട് നിലയത്തിലെ വാഹനം മറ്റൊരിടത്ത് തീ അണയ്ക്കാൻ പോയതിനാൽ തൃക്കരിപ്പൂരിൽ നിന്നു ഫയർ എൻജിൻ വരുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ഇത് തീ കൂടുതൽ പടരാൻ കാരണമായി. തീപിടിത്തത്തെ തുടർന്ന് 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വൈകിട്ട് ഏഴോടെ തീ നിയന്ത്രണ വിധേയമാക്കി ഫയർ എൻജിനുകൾ മടങ്ങി.

