ഇടപെട്ട് കർഷക നേതാക്കൾ; മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് പിന്മാറി ഗുസ്തി താരങ്ങൾ

ന്യൂഡൽഹി : രാജ്യാന്തര മൽസരവേദികളിൽ ഉൾപ്പെടെ ലഭിച്ച മെഡലുകൾ പ്രതിഷേധ സൂചകമായി ഗംഗാനദിയിൽ ഒഴുക്കുന്നതിൽ നിന്ന് പിന്മാറി ഗുസ്തി താരങ്ങൾ. ഹരിദ്വാറിലെത്തിയ കർഷക നേതാക്കളുടെ ഇടപെടലാണ് തീരുമാനത്തിനു പിന്നിൽ. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഹരിദ്വാറിലെത്തിയ ഭാരതീയ കിസാൻ യൂണിയൻ(ബികെയു) നേതാവ് നരേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ളവർ താരങ്ങളിൽനിന്ന് മെഡലുകൾ തിരികെ വാങ്ങി. മെഡൽ ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട ഇവർ താരങ്ങളുമായി സംസാരിച്ചു. ഖാപ് നേതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. ബ്രിജ് ഭൂഷനെതിരെ അഞ്ചു ദിവസത്തിനുള്ളിൽ നടപടി വേണമെന്ന് താരങ്ങൾ അന്ത്യശാസനം നൽകി. ലൈംഗികാതിക്രമ പരാതിയിൽ പ്രതിയായ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു താരങ്ങളുടെ കടുത്ത തീരുമാനം. ആത്മാഭിമാനം ത്വജിച്ച് ജീവിക്കാനാവില്ലെന്ന പ്രഖ്യാപനവുമായാണ് രാജ്യാന്തര വേദികളിൽ സ്വന്തം രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ വൈകിട്ടോടെ ഗുസ്തി താരങ്ങൾ എത്തിയത്. മെഡലുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കണ്ണീരണിഞ്ഞു നിൽക്കുന്ന താരങ്ങളുടെ വൈകാരിക രംഗങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് പിന്തുണയുമായി കർഷക നേതാക്കൾ എത്തിയത്. താരങ്ങൾക്ക് പിന്തുണയുമായി വൻ ജനാവലിയാണ് ഹരിദ്വാറിൽ എത്തിയത്. അതേസമയം മെഡലുകൾ നദിയിൽ ഒഴുക്കുന്നതിൽ നിന്ന് താരങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് യാതൊരു ഉത്തരവും ലഭിച്ചില്ലെന്ന് ഹരിദ്വാര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു.

