ദേശീയ സ്കൂള്‍ ഗെയിംസ്: വിദ്യാര്‍ത്ഥികള്‍ക്കും ഒഫീഷ്യല്‍സിനും പ്രത്യേക ബോഗികളില്‍ യാത്ര ചെയ്യാം, യാത്രാ സൗകര്യമൊരുക്കി റെയില്‍വേ

അടുത്ത മാസം നടക്കാനിരിക്കുന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കാൻ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒഫീഷ്യല്‍സിനും പ്രത്യേക യാത്രാ സൗകര്യം ഒരുക്കി ഇന്ത്യൻ റെയില്‍വേ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാൻ പ്രത്യേക ബോഗികളാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 6 മുതല്‍ 12 വരെ ഡല്‍ഹി, ഭോപ്പാല്‍, ഗ്വാളിയാര്‍ എന്നിവിടങ്ങളിലാണ് ദേശീയ സ്കൂള്‍ ഗെയിംസ് നടക്കുന്നത്. 13 മത്സരങ്ങള്‍ ഡല്‍ഹിയിലും, ആറ് മത്സരങ്ങള്‍ ഭോപ്പാലിലും, മൂന്ന് മത്സരങ്ങള്‍ ഗ്വാളിയാറിലുമാണ് നടക്കുക. 71 വിദ്യാര്‍ത്ഥികളടക്കം 84 പേരുള്ള ആദ്യ സംഘം കേരള എക്സ്പ്രസിലാണ് യാത്ര പുറപ്പെടുന്നത്. ഇവരെ യാത്രയാക്കാൻ മന്ത്രിയും ഉദ്യോഗസ്ഥരും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തും. ജൂണ്‍ ഒന്നിനും രണ്ടിനും കേരള എക്സ്പ്രസില്‍ 80 അംഗസംഘങ്ങള്‍ യാത്ര പുറപ്പെടും. അതേസമയം, ജൂണ്‍ രണ്ടിന് വൈകുന്നേരം ഹിമസാഗര്‍ എക്സ്പ്രസില്‍ 190 പേരാണ് യാത്ര ചെയ്യുക. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ദേശീയ ഗെയിംസ് പുനരാരംഭിക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് 255 ആണ്‍കുട്ടികളും, 244 പെണ്‍കുട്ടികളുമടക്കം 499 മത്സരാര്‍ത്ഥികളും 88 ഒഫീഷ്യല്‍സും ഉള്‍പ്പെടെ 587 പേരാണ് ആകെ ഉള്ളത്.

