ഒഡിഷ ട്രെയിന്‍ ദുരന്തം; മരണം 70 കടന്നു, പരിക്കേറ്റവര്‍ നാനൂറിലേറേ, അതിൽ 4 മലയാളികളും

ഭൂവനേശ്വര്‍: ഒഡിഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണം 70 കടന്നതായി റിപ്പോര്‍ട്ട്. നാനൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബാലസോര്‍ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ഏഴിനും 7.30-നും ഇടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ നാല് മലയാളികളുണ്ടെന്നും ഇവര്‍ തൃശൂര്‍ സ്വദേശികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡല്‍ എക്സ്പ്രസും (12841) ബെംഗളൂരു-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. ബെംഗളൂരുവില്‍നിന്ന് കൊല്‍ക്കത്തയിലേക്കു പോവുകയായിരുന്ന ബെംഗളൂരു-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം പാളംതെറ്റി മറിഞ്ഞാണ് ആദ്യ അപകടമുണ്ടാകുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ട്രെയിനിന്റെ പത്തിലേറെ കോച്ചുകള്‍ പാളംതെറ്റി മറിഞ്ഞു. ഈ കോച്ചുകളിലേക്ക് അടുത്ത ട്രാക്കിലൂടെ എത്തിയ കോറോമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാളം തെറ്റിയ കോറമണ്ഡല്‍ എക്സ്പ്രസ് ഇതിനു ശേഷം തൊട്ടടുത്ത ട്രാക്കിലെ ഒരു ഗുഡ്സ് ട്രെയിനിലും ഇടിച്ചുമറിഞ്ഞു. പാളംതെറ്റിയും കൂട്ടിയിടിച്ചും മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഏകദേശം 50 ആംബുലന്‍സുകള്‍ സംഭവസ്ഥലത്ത് സജ്ജീകരിച്ചിട്ടുണ്ട്. ചീഫ് ഡിസ്ട്രിക്റ്റ് മെഡിക്കല്‍ ഓഫീസറും (സിഡിഎംഒ) അദ്ദേഹത്തിന്റെ സംഘവും സ്ഥലത്തുണ്ട്. മറ്റ് ജില്ലകളില്‍ നിന്നായി 50-ഓളം ഡോക്ടര്‍മാരെ വിന്യസിച്ചിട്ടുണ്ട്. എസ് സി ബി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘത്തെ സ്ഥലത്തേക്ക് അയച്ചു. ഭുവനേശ്വറിലെയും കട്ടക്കിലെയും സ്വകാര്യ ആശുപത്രികളും രോഗികളെ സ്വീകരിക്കാന്‍ സജ്ജമാണെന്ന് ഒഡീഷ ആരോഗ്യ സെക്രട്ടറി അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.




