ബ്രഡ് ഓംലെറ്റും ജ്യൂസും കുപ്പി വെള്ളവും വാങ്ങി; പണം ചോദിച്ചപ്പോള്‍ കടയുടമയുടെ നേരെ ഭീഷണിയും, മൂന്നു വനിതാ പൊലീസുകാര്‍ക്ക് തമിഴ്നാട്ടിൽ സസ്പെന്‍ഷന്‍

ചെങ്കല്‍പട്ട്: കടയില്‍ കയറി ബ്രഡ് ഓംലെറ്റും ജ്യൂസും കഴിച്ചതിനു ശേഷം പണം നല്‍കാന്‍ വിസമ്മതിച്ച മൂന്ന് വനിതാ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലാണ് കേസിനാസ്പദമായ സംഭവം. ഗുഡുവാഞ്ചേരിയിലെ വനിതാ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിജയലക്ഷ്മിയെയും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെയുമാണ് നടപടി. വിജയലക്ഷ്മി, കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം പൊലീസ് സ്‌റ്റേഷനു സമീപമുള്ള ജ്യൂസ് സെന്‍ററിലെത്തി ബ്രെഡ് ഓംലെറ്റും ജ്യൂസും കുപ്പിവെള്ളവും ഓര്‍ഡര്‍ ചെയ്തിരുന്നു.എന്നാല്‍ കടയുടമ പണം ചോദിച്ചപ്പോള്‍ വിജയലക്ഷ്മിയും മറ്റുള്ളവരും പണം നല്‍കാൻ വിസമ്മതിക്കുകയും കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കടയുടമ മണിമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ വിജയലക്ഷ്മിയെയും മറ്റ് മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും താംബരം കമ്മീഷണര്‍ അമല്‍രാജ് സസ്പെൻഡ് ചെയ്തു. അന്വേഷണം ഇപ്പോഴും തുടരുകയാണ്.

