KSDLIVENEWS

Real news for everyone

ചരിത്രമെഴുതി ഹനാൻ; സൗദിയിൽ സ്‌പോർട്‌സ് ക്ലബ്ബ് അധ്യക്ഷയാകുന്ന ആദ്യ വനിത

SHARE THIS ON

തായിഫ്∙ സൗദിയിൽ സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ വനിത. തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ്ബ് അധ്യക്ഷ പദവിയിലാണ് സൗദി യുവതി ഹനാൻ അൽ ഖുറശിയെ സ്‌പോർട്‌സ് മന്ത്രാലയം നിയമിച്ചത്. സൗദിയിൽ സ്‌പോർട്‌സ് ക്ലബ്ബ് അധ്യക്ഷ പദവിയിൽ നിയമിതയാകുന്ന പ്രഥമ വനിതയായി ഹനാൻ ചരിത്രത്തിൽ ഇടം നേടി.  വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടാണ് ആക്ടിങ് പ്രസിഡന്റ് ആയി ഹനാൻ അൽ ഖുറശിയെ മന്ത്രാലയം നിയമിച്ചത്.  സ്‌പോർട്‌സ് മന്ത്രാലയത്തിനു കീഴിലുള്ള ക്ലബ്ബുകളിൽ ഒന്നായ തായിഫിലെ വജ് ക്ലബ്ബ് ഹിജ്‌റ 1396 ൽ ആണ് സ്ഥാപിതമായത്. തായിഫിലെ ഏറ്റവും പ്രശസ്തവും മികച്ചതുമായ ക്ലബ്ബുകളിൽ ഒന്നാണിത്. 2017 സീസണിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകൾക്കുള്ള പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ലീഗിൽ വജ് ക്ലബ്ബ് പങ്കെടുത്തിരുന്നു. തുടക്കം മുതൽ വജ് ക്ലബ്ബ് തേഡ് ഡിവിഷൻ ക്ലബ്ബുകളുടെ കൂട്ടത്തിലായിരുന്നു. പിന്നീട് സെക്കന്റ് ഡിവിഷൻ ക്ലബ്ബുകളിലേക്കും തുടർന്ന് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിലേക്കും ഉയർന്നു. വീണ്ടും ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് ലീഗിലേക്കും പിന്നീട് പ്രീമിയർ ഡിവിഷൻ ക്ലബ്ബ് ലീഗിലേക്കും ഉയരാനാണ് വജ് ക്ലബ്ബ് ഇപ്പോൾ ലക്ഷ്യമിടുന്നത്. 2021 ലാണ് ഹനാൻ അൽ ഖുറശി ആദ്യമായി വജ് ക്ലബ്ബ് ഡയറക്ടർ ബോർഡിലേക്ക് നാമനിർദേശം നൽകിയത്. അന്ന് ഹനാന് 100 വോട്ടുകൾ നേടാൻ സാധിച്ചു. കഴിഞ്ഞ വർഷം ഇവർ വജ് ക്ലബ്ബ് വൈസ് പ്രസിഡന്റ് പദവിയിൽ നിയമിതയായി. ബാച്ചിലർ ബിരുദധാരിയായ ഹനാൻ അൽഖുറശിക്ക് സ്‌പോർട്‌സ് മേഖലയോട് ഏറെ താത്പര്യമാണ്. ഇതാണ് സ്‌പോർട്‌സ് ക്ലബ്ബ് ഡയറക്ടർ ബോർഡ് അംഗത്വത്തിന് അപേക്ഷ സമർപ്പിക്കാനും മത്സരിക്കാനും പ്രചോദനമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!