ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്, ഇന്ത്യയ്ക്ക് 209 റണ്‍സ് തോല്‍വി

ഓവല്‍: ഒരു ദിവസം, 280 റണ്‍സ് ദൂരം. അത് താണ്ടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ അഞ്ചാം ദിനം ഓവലില്‍ കളിക്കാനിറങ്ങിയത്. കോലിയും രഹാനേയും ക്രീസിലുണ്ടെന്ന ആത്മവിശ്വാസവും ഇന്ത്യയ്ക്ക് കരുത്തേകിയിരുന്നു. പക്ഷേ ഓവലില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. പൊരുതിനോക്കാന്‍ പോലുമാകാതെ ബാറ്റര്‍മാരെല്ലാം മടങ്ങിയതോടെ ഇന്ത്യയ്ക്ക് 209 റണ്‍സ് തോല്‍വി. ഓസീസ് ഉയര്‍ത്തിയ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 234 റണ്‍സിന് ഓള്‍ഔട്ടായി. അതോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ മുത്തമിട്ടു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇത്തവണ സ്വന്തമാക്കാമെന്ന ആഗ്രഹങ്ങളുമായി പോരാടാനുറച്ചാണ് അഞ്ചാംദിനത്തില്‍ വിരാട് കോലിയും അജിന്‍ക്യ രഹാനേയും ഇന്ത്യയ്ക്കായി ബാറ്റിങ്ങിനിറങ്ങിയത്. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യയ്ക്ക് വിജയിക്കാന്‍ 280 റണ്‍സ് കൂടി വേണം. ഏഴ് വിക്കറ്റ് വീഴ്ത്തിയാല്‍ ഓസീസിനും വിജയിക്കാം. 44 റണ്‍സെടുത്ത കോലിയും 20 റണ്‍സെടുത്ത രഹാനേയും ക്രീസിലുള്ള ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ. അവസാനദിനം തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ടീം സ്‌കോര്‍ 179-ല്‍ നില്‍ക്കേ സൂപ്പര്‍താരം വിരാട് കോലിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. അഞ്ചാം ദിനം അഞ്ച് റണ്‍സ് മാത്രമാണ് കോലിക്ക് കൂട്ടിച്ചേര്‍ക്കാനായത്. 49 റണ്‍സെടുത്ത കോലിയെ ബോളണ്ട് പുറത്താക്കി. പിന്നാലെ ബോളണ്ട് വീണ്ടും ഇന്ത്യയെ പ്രതിരോധത്തിലാക്കി. ആ ഓവറിലെ അഞ്ചാം പന്തില്‍ ജഡേജയും കൂടാരം കയറി. രണ്ട് പന്ത് നേരിട്ട ജഡേജയ്ക്ക് റണ്ണൊന്നുമെടുക്കാനായില്ല. പിന്നീട് ക്രീസിലിറങ്ങിയ ശ്രീകര്‍ ഭരതുമൊത്ത് രഹാനെ പതിയെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200-കടത്തി. എന്നാല്‍ 212-ല്‍ നില്‍ക്കേ രഹാനേയും പുറത്തായി. 46 റണ്‍സെടുത്ത രഹാനേയെ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. അതോടെ ഇന്ത്യ പരാജയം മണത്തു. പിന്നാലെ ശാര്‍ദൂല്‍ താക്കൂറും ഉമേഷ് യാദവും വേഗം മടങ്ങി. ഉമേഷ് യാദവ് ഒരു റണ്ണെടുത്തപ്പോള്‍ താക്കൂറിന് റണ്ണൊന്നുമെടുക്കാനായില്ല. അതോടെ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലായി. ടീം സ്‌കോര്‍ 224-ല്‍ നില്‍ക്കേ ശ്രീകര്‍ ഭരതിനെ നേതന്‍ ലയണ്‍ പുറത്താക്കി. 23 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.പിന്നാലെ സിറാജിനെ പുറത്താക്കി ലയണ്‍ ഓസീസിന് വിജയം സമ്മാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ 296 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 469 റണ്‍സെടുത്ത ഓസ്‌ട്രേലിയ 296 റണ്‍സിന് മുന്നിലായിരുന്നു.രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സിന് ഓസീസ് ഡിക്ലയര്‍ ചെയ്തിരുന്നു. അതോടെയാണ് 444 എന്ന കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നിലുയര്‍ന്നത്.

