അറസ്റ്റ് ചെയ്യാമോ ? ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കസ്റ്റംസ് നിയമോപദേശം തേടി

കൊച്ചി: സ്വര്ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കസ്റ്റംസ് നിയമോപദേശം തേടി. ശിവശങ്കറിനെ കേസില് പ്രതി ചേര്ക്കാന് നിലവിലെ മൊഴികള് പര്യാപ്തമാണോ എന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. എം ശിവശങ്കര് പ്രതിയാകുമോയെന്ന് ചൊവ്വാഴ്ച അറിയാം.
രണ്ട് ദിവസത്തെ തുടര്ച്ചയായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാന് ആവശ്യപ്പെട്ട് ശിവശങ്കറിറിന് കസ്റ്റംസ് നോട്ടീസ് നല്കി. ശനിയാഴ്ച 12 മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്. കസ്റ്റംസിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട് വിശദീകരണം നല്കാന് ശിവശങ്കറിന് രണ്ട് ദിവസത്തെ സമയം നല്കിയിട്ടുണ്ട്.ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ശിവശങ്കറെ പ്രതി ചേര്ക്കണമോ എന്ന കാര്യത്തില് കസ്റ്റംസ് തീരുമാനം എടുക്കുക. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
ശനിയാഴ്ചത്തെ ചോദ്യം ചെയ്യലില് രേഖപ്പെടുത്തിയ ശിവശങ്കറിന്റെയും സ്വപ്നയുടെയും മൊഴികള് കേന്ദ്രീകരിച്ചും കസ്റ്റംസ് സുപ്രധാന പരിശോധന നടത്തും. ശിവശങ്കറെ അറസ്റ്റ് ചെയ്യാന് മതിയായ തെളിവുകള് കസ്റ്റംസിന്റെ പക്കലുണ്ടെങ്കിലും കാര്യങ്ങളില് ഒന്നുകൂടി വ്യക്തത വരുത്തുന്നതിനാണ് നിയമോപദേശം തേടിയതെന്നാണ് ലഭിക്കുന്ന സൂചന. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യല് അതുകൊണ്ടു തന്നെ നിര്ണ്ണായകമാണ്. ശിവശങ്കറിന്റെ മൊഴിയെടുക്കല് നടന്ന അതേ സമയത്ത് തന്നെ സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ വിവിധ ജയിലുകളിലായി കസ്റ്റംസ് ചോദ്യം ചെയ്തു. ശിവശങ്കര് പറയുന്നത് ശരിയാണോ എന്നറിയുന്നതിനായിരുന്നു ഇത്.

