KSDLIVENEWS

Real news for everyone

പറന്നുയർന്ന് വിമാനനിരക്ക്; കേരളത്തിലേക്ക് കൂടിയത് രണ്ടിരട്ടിയിലേറെ

SHARE THIS ON

ന്യൂഡൽഹി: രാജ്യത്തെ വിമാനടിക്കറ്റ് നിരക്കുകളിൽ സമീപകാലത്ത് വൻ വർധന. കോവിഡിന് തൊട്ടുമുമ്പുള്ളതിനെ അപേക്ഷിച്ച് കഴിഞ്ഞവർഷം അവസാനമാസങ്ങളിൽ 41 ശതമാനമാണ് ഇന്ത്യയിൽ അന്താരാഷ്ട്ര, ആഭ്യന്തര വിമാനക്കൂലി വർധിച്ചത്. ഏഷ്യാ-പസഫിക് രാജ്യങ്ങളിൽ ഏറ്റവുമധികം വർധന ഇന്ത്യയിലാണെന്ന് എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷണലിന്റെ (എ.സി.ഐ.) റിപ്പോർട്ടിൽ പറഞ്ഞു. കോവിഡ് കാലത്ത് 2020-മേയിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ പരമാവധി നിരക്ക് പരിധി കഴിഞ്ഞ സെപ്റ്റംബറിൽ എടുത്തുകളഞ്ഞത് ടിക്കറ്റ്് വില തോന്നിയതുപോലെ കൂട്ടാൻ വിമാനക്കമ്പനികൾക്ക് വഴിയൊരുക്കി. ആഴ്ചയിൽ 1,500-ലേറെ സർവീസുകൾ നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് പ്രവർത്തനം നിർത്തിയതും സ്പൈസ്‌ജെറ്റിലെ പ്രതിസന്ധിയും കാരണം യാത്രക്കാർക്ക് മറ്റു വിമാനക്കമ്പനികളെ കൂടുതലായി ആശ്രയിക്കേണ്ടിവന്നതും അവർക്ക് നിരക്ക് വർധിപ്പിക്കാൻ പ്രേരണയായി. 2019-ലെ അവസാന മൂന്നുമാസവുമായി 2022-ലെ അവസാന മൂന്നുമാസത്തെ ടിക്കറ്റ് വില താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ആഭ്യന്തരനിരക്ക് 41 ശതമാനമാണ് കൂടിയത്. തൊട്ടുപിന്നിലുള്ള യു.എ.ഇ.യിൽ 34 ശതമാനവും സിങ്കപ്പൂരിൽ 30 ശതമാനവും ഓസ്‌ട്രേലിയയിൽ 23 ശതമാനവും വർധനയുണ്ടായി. ഇന്ത്യയിൽ ഈ വർഷവും നിരക്കിലെ കുതിപ്പ് തുടരുകയാണ്. ഡൽഹിയിൽനിന്ന് കേരളത്തിലേതുൾപ്പെടെ വിവിധ നഗരങ്ങളിലേക്കുള്ള നിരക്കുകളിലും വൻ വർധനയാണുണ്ടായത്. ഏറ്റവും തിരക്കുള്ള റൂട്ടായ ഡൽഹി- മുംബൈ യാത്രയ്ക്ക് 13,000 രൂപയിലേറെ ചെലവ് വരും. കണ്ണൂരിലേക്ക് ഡൽഹിയിൽനിന്ന് നേരിട്ട് സർവീസില്ല. വിമാനം മാറിക്കയറി ഡൽഹിയിൽനിന്ന് പത്ത് മണിക്കൂറിലേറെ സമയമെടുത്ത് കണ്ണൂരെത്താൻ 10,000 മുതൽ 20,000 രൂപവരെ ചെലവാക്കണം. നിരക്ക് വർധനയിൽ മുഖ്യപങ്ക് വഹിക്കുന്നത് ഇന്ധനവിലയും പണപ്പെരുപ്പവുമാണ്. മൂന്നുവർഷത്തിനിടെ ഇന്ധനവില 76 ശതമാനം വർധിച്ചു. ഉപഭോക്തൃ വില സൂചിക ശരാശരി പത്തുശതമാനവും ഉയർന്നു. വിമാനത്താവളച്ചാർജുകളിലെ വർധനയല്ല നിരക്ക് കൂടാൻ കാരണമെന്ന് വ്യക്തമാണ്. കാരണം ഏഷ്യാ-പസഫിക്, ഗൾഫ് മേഖലകളിൽ വിമാനത്താവളച്ചാർജുകൾ മൂന്നുവർഷത്തിലേറെയായി സ്ഥിരമായി നിൽക്കുകയോ കുറയുകയോ ആണുണ്ടായത്. ഒട്ടേറെ അന്താരാഷ്ട്ര വിമാനക്കമ്പനികൾ കഴിഞ്ഞവർഷം റെക്കോഡ്‌ ലാഭമുണ്ടാക്കിയപ്പോൾ വിമാനത്താവള നടത്തിപ്പ് കമ്പനികൾ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ഡൽഹിയിൽനിന്നുള്ള വിമാനനിരക്ക് കോഴിക്കോട്- 20,500 (ജൂൺ 14), 14,000 (ജൂൺ 25) കൊച്ചി: 17,000 (ജൂൺ 14), 8,000 (ജൂൺ 25) തിരുവനന്തപുരം- 14,000 (ജൂൺ 14), 9,000 (ജൂൺ 25) കണ്ണൂർ (ബെംഗളൂരു വഴി) 16,500 (ജൂൺ 14), 10,000 (ജൂൺ 25) കോയമ്പത്തൂർ- 18,000 (ജൂൺ 14), 9500 (ജൂൺ 25) മംഗലാപുരം- 18,500 (ജൂൺ 14), 10,000 (ജൂൺ 25) ബെംഗളൂരു- 15,500 (ജൂൺ 14), 7500 (ജൂൺ 25) ചെന്നൈ- 14,000 (ജൂൺ 14), 7500 (ജൂൺ 25) മുംബൈ- 13,000 (ജൂൺ 14), 5,000 (ജൂൺ 25) കൊൽക്കത്ത- 14,000 (ജൂൺ 14), 6,500 (ജൂൺ 25)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!