കര്‍ഷക പ്രതിഷേധത്തില്‍ താപ നിലയങ്ങളിലേക്ക് കല്ക്കരിമായെത്തുന്ന തീവണ്ടികള്‍ കുടുങ്ങി ; പഞ്ചാബ് ഇരുട്ടിലേക്ക്

അമൃത്സർ: പഞ്ചാബിൽ ട്രെയിൻ സർവീസ് പൂർണമായും തടസപ്പെട്ടതോടെ സംസ്ഥാനത്തെ വൈദ്യുതി വിതരണം വലിയ പ്രതിസന്ധിയിലേക്ക്. കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ തീവണ്ടി തടയൽ സമരമാണ് പഞ്ചാബിലെ താപനിലയങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചത്.
സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം ആരംഭിച്ചതിന് ശേഷം താപനിലയങ്ങളിലേക്ക് കൽക്കരിയുമായെത്തുന്ന ചരക്ക് തീവണ്ടികൾക്ക് പഞ്ചാബിലേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല. ഇതോടെ പഞ്ചാബിലെ ഭുരിഭാഗം താപനിലയങ്ങളുടെ പ്രവർത്തനം താളംതെറ്റി.
പ്രതിസന്ധി രൂക്ഷമായതോടെ താപനിലയങ്ങളിലേക്കുള്ള ചരക്ക് തീവണ്ടികൾ കടത്തിവിടണമെന്ന് ധനകാര്യ മന്ത്രി മൻപ്രീത് സിങ് ബാദൽ കർഷക സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. തീവണ്ടി സർവീസ് പുനരാരംഭിക്കാൻ സാധിച്ചില്ലെങ്കിൽ സംസ്ഥാനത്ത് പൂർണമായും വൈദ്യുതി തടസമുണ്ടാകുമെന്ന് ഭയപ്പെടുന്നതായും മന്ത്രി വ്യക്തമാക്കിയിരുന്നു.
രണ്ട് ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കൽക്കരി മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് പഞ്ചാബ് പവർ കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാനും എം.ഡിയുമായ വേണുപ്രസാദും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൽക്കരി ലഭ്യമാകാത്തതിനാൽ ലെഹ്റ മൊഹബത്ത്, റോപർ തെർമൽ, ജിവികെ താപനിലയം എന്നിവയുടെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചതായും ചില താപനിലയങ്ങളിൽ പകുതി വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളുവെന്നും അധികൃതർ അറിയിച്ചു. ഇവിടെനിന്നും വൈദ്യുതി വിതരണം ചെയ്യുന്ന ചിലയിടങ്ങളിൽ നിലവിൽ വൈദ്യുത മുടക്കവുമുണ്ട്.

