KSDLIVENEWS

Real news for everyone

ബ്രിജ്ഭൂഷണെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; POCSO കേസ് അവസാനിപ്പിക്കണമെന്നും പോലീസ്

SHARE THIS ON

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് പട്യാല ഹൗസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തെളിവില്ലാത്തതിനാല്‍ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്നാണ് പോലീസിന്റെ ആവശ്യം. വിഷയം ജൂലായ് നാലിന് കോടതി പരിഗണിക്കും. അതിനിടെ ബ്രിജ്ഭൂഷണിന് എതിരായ മറ്റ് ലൈംഗികാതിക്രമ പരാതികളില്‍ പോലീസ് റോസ് അവന്യൂ കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി എംപികൂടിയായ സിങ് ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ആരോപണം. അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് താരങ്ങള്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചിരുന്നു. തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന പ്രസ്താവനയും നടത്തിയിരുന്നു. എന്നാല്‍ മെഡലുകള്‍ ഒഴുക്കാനുള്ള നീക്കത്തില്‍നിന്ന് അവസാന നിമിഷം താരങ്ങള്‍ പിന്മാറി. കര്‍ഷക നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായും ഗുസ്തി താരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. പരാതികളില്‍ ഈ മാസം 15-നകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.അതിനിടെ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ച് ലോക്‌സഭാ മണ്ഡലത്തില്‍തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ബ്രിജ്ഭൂഷണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!