KSDLIVENEWS

Real news for everyone

മാസങ്ങളോളം കട്ടപ്പുറത്തായിരുന്ന ടിപ്പർ പിടികൂടിയ വിഷമത്തിൽ യുവാവ് ഫേസ്ബുക്ക് ലൈവിൽ വന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു ;
യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

SHARE THIS ON

മുക്കം: കൊവിഡ് കാലത്ത് മാസങ്ങളോളം കട്ടപ്പുറത്തായ ടിപ്പര്‍ ലോറി നിരത്തിലിറക്കിയതിന് പിന്നാലെ വിജിലന്‍സ് പിടികൂടിയ മനോവിഷമത്തില്‍ ഉടമ വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു. നെല്ലിക്കാപറമ്ബ് സ്വദേശി മുഹമ്മദ് ഇര്‍ഷാദ് (34) ആണ് ഫേസ്ബുക്ക് ലൈവില്‍ സങ്കടം എണ്ണിയെണ്ണി പറഞ്ഞ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സുഹൃത്തുക്കള്‍ ഓടിയെത്തി മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതോടെ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ക്വാറിയില്‍ നിന്ന് ലോഡുമായി പോകുന്ന ടിപ്പര്‍ വ്യാഴാഴ്ചയാണ് വിജിലന്‍സ് പിടികൂടിയത്. ആറു മാസം നിര്‍ത്തിയിട്ട ലോറി ഓടാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയേ ആയുള്ളു എന്നും ഇതിനിടയിലാണ് വിജിലന്‍സ് പിടികൂടി അരലക്ഷം രൂപ പിഴ ചുമത്തിയതെന്നും ഇയാള്‍ പറയുന്നു. ഓപ്പറേഷന്‍ സ്റ്റോണ്‍ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച ക്വാറികള്‍ പരിശോധിച്ചിരുന്നു. മൈനിംഗ് ആന്‍ഡ് ജിയോളജി വിഭാഗത്തിന് റോയല്‍റ്റി ഇനത്തില്‍ കിട്ടേണ്ട തുകയില്‍ വെട്ടിപ്പു നടത്തുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന.
കോഴിക്കോട് ജില്ലയിലെ നടത്തിയ പരിശോധനയില്‍ 21 ലോറികളാണ് പിടികൂടിയത്. അമിതഭാരം കയറ്റിയതും പെര്‍മിറ്റില്ലാതെ കരിങ്കല്ല് കൊണ്ടുപോയതിനുമാണ് നടപടി. ക്വാറികളില്‍ നിന്ന് ഭാരം കയറ്റാന്‍ അനുമതിയില്ലാത്ത വാഹനങ്ങള്‍ ജിയോളജി വകുപ്പിനും അമിതഭാരം കയറ്റിയവ മോട്ടോര്‍ വാഹന വകുപ്പിനുമാണ് കൈമാറിയത്.
മുഹമ്മദ് ഇര്‍ഷാദ് ലോറി വീണ്ടെടുക്കാന്‍ വെള്ളിയാഴ്ച രാവിലെ മഞ്ചേരിയിലെ ജിയോളജി ഓഫീസില്‍ ചെന്നെങ്കിലും പിഴ സംബന്ധിച്ച്‌ തിരുവനന്തപുരത്തു നിന്ന് നിര്‍ദ്ദേശം വരാനുണ്ടെന്നും തിങ്കളാഴ്ച തുടര്‍ നടപടി സ്വീകരിക്കാമെന്നും പറഞ്ഞ് മടക്കി. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

മൂന്നു ജില്ലകളില്‍ പണിമുടക്ക്
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ടിപ്പര്‍ ലോറികള്‍ ഇന്ന് സര്‍വീസ് നടത്തില്ല. വിജിലന്‍സിന്റെ അന്യായ നടപടിയില്‍ പ്രതിഷേധിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് പണിമുടക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!