നീലേശ്വരം പള്ളിക്കര മേൽപാലത്തിൽ നൃത്തച്ചുവടുകളുമായി വിദ്യാർഥിനികൾ

നീലേശ്വരം: പള്ളിക്കര മേൽപാലത്തിന്റെ സൗന്ദര്യമാസ്വദിച്ച് നൃത്തച്ചുവടുകളുമായി വിദ്യാർഥിനികൾ. പള്ളിക്കര സെന്റ് ആൻസ് എ യു പി സ്കൂൾ വിദ്യാർഥിനികളായ തോട്ടുംപുറത്തെ സാധിക, അമേയ, നിഹാ രശ്മി, ആരാധ്യ എന്നിവരാണ് നൃത്തച്ചുവടുകളുമായി മേൽപാലത്തിലെത്തിയത്. പള്ളിക്കര റെയിൽവേ മേൽപാലം പണിപൂർത്തിയായി വാഹനങ്ങൾക്ക് കടന്നുപോകാനായി തുറന്നുകൊടുക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ പാലത്തിന്റെ രാത്രികാല സൗന്ദര്യം ആസ്വദിക്കുന്നതിനായി നൂറ് കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള വിളക്കുകൾ വൈകുന്നേരങ്ങളിൽ തെളിയുന്നതിനാൽ മെട്രോ നഗരങ്ങളിലെ മേൽപാലങ്ങളുടെ പ്രതീതി സൃഷ്ടിക്കുകയാണ്. ആളുകൾ അത് ആസ്വദിക്കുന്നതിനായി സന്ധ്യാസമയങ്ങളിൽ അവിടെ എത്തിക്കൊണ്ടിരിക്കുകയാണ്

