വെള്ളരിക്കുണ്ട്, ഹൊസ്ദുർഗ് താലൂക്കുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡിന് പച്ചക്കൊടിയുമായി പൊതുമരാമത്ത് വകുപ്പ്.

രാജപുരം ∙ വെള്ളരിക്കുണ്ട്, ഹൊസ്ദുർഗ് താലൂക്കുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡിന് പച്ചക്കൊടിയുമായി പൊതുമരാമത്ത് വകുപ്പ്. കോടോം ബേളൂർ പഞ്ചായത്ത് 10 മീറ്റർ വീതിയിൽ സ്ഥലം കൈമാറിയാൽ റോഡ് ഏറ്റെടുക്കാമെന്നും ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാകുന്ന മുറയ്ക്ക് ബൈപാസ് റോഡ് യാഥാർഥ്യമാക്കാമെന്നും പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രന്റെ കത്തിൽ പറയുന്നു.
ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിന് കുറുകെ 8.5 കിലോമീറ്റർ റോഡ് നവീകരിച്ച് 31 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് നിർമിക്കണമെന്ന നിവേദനത്തിലാണു മറുപടി. ഇടത്തോടു ചേരുന്ന നിർദിഷ്ട പാതയുടെ 75 ശതമാനവും മെക്കാഡം ചെയ്തിട്ടുണ്ട്. തണ്ണീർ പന്തലിൽ നിന്ന് വേങ്ങച്ചേരി കോളനി, മഹാവിഷ്ണു ക്ഷേത്രം വഴി ഹയാത്തുൽ ഇസ്ലാം മദ്രസ വരെ 2.5 കിലോമീറ്റർ, തായന്നൂരിൽ നിന്നു മാളം സർക്കാരി കോളനി, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, അംബ്രോസദൻ വൃദ്ധമന്ദിരം, അട്ടക്കണ്ടം ഗവ എൽപി സ്കൂൾ, മാണിയൂർ മഹാദേവ ക്ഷേത്രം വഴി 6 കിലോമീറ്റർ ദൂരവുമാണു നവീകരിക്കേണ്ടത്. മലയോരത്തു നിന്നു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്താനും ബൈപാസ് റോഡ് സൗകര്യമാകും.
വെള്ളരിക്കുണ്ടിനെയും ഹൊസ്ദുർഗിനെയും ബന്ധിപ്പിക്കുന്ന 41 കിലോമീറ്റർ വരെ ദൂരമുള്ള മറ്റു റൂട്ടുകളെ അപേക്ഷിച്ച് 9 കിലോമീറ്റർ വരെ ദൂരം കുറഞ്ഞ റൂട്ടാണിത്. വേങ്ങച്ചേരി, ഇടത്തോട്, വള്ളിച്ചിറ്റ, തൊട്ടി, ഒടച്ചിലടുക്കം, ക്ലിനിപ്പാറ, മാണിയൂർ, അട്ടക്കണ്ടം, കുളിക്കുന്നകുണ്ട്, നെരോത്ത്, എരളാൽ, തീർക്കാനം, പീരോൽ, തേറംകല്ല്, സർക്കാരി, കയ്യുള്ളമൂല, മാളം, തായന്നൂർ, കുഴിക്കോൽ തുടങ്ങിയ കോളനികൾക്കും റോഡ് ഉപകാരപ്പെടും. മടിക്കൈ, കോടോം ബേളൂർ, ബളാൽ, കിനാനൂർ കരിന്തളം പഞ്ചായത്തുകളാണ് പ്രധാന ഗുണഭോക്താക്കൾ

