വാഹനമിടിച്ച് പള്ളിക്കര റെയിൽവേ ഗേറ്റ് വീണ്ടും തകർന്നു; 6 ദിവസത്തിനിടെ ഇത് രണ്ടാം തവണ

നീലേശ്വരം ∙ പണി പൂർത്തിയായ മേൽപാലം തുറക്കാനുള്ള തീരുമാനം നീളുന്നതിനിടെ, ദേശീയപാതയിലെ പള്ളിക്കര റെയിൽവേ ഗേറ്റ് വാഹനമിടിച്ചു വീണ്ടും തകർന്നു. രാത്രി 7.40 ഓടെയാണ് ഗേറ്റ് തകർന്നത്. ഇതോടെ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ ഇരു ഭാഗത്തെയും സമാന്തര റോഡുകളിലൂടെ വഴി തിരിച്ചു വിട്ടു. 6 ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ഗേറ്റ് തകരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ട്രെയിൻ കടന്നു പോകാനായി അടച്ചപ്പോൾ ലോറിയിടിച്ചു തുറക്കാനാകാത്ത സ്ഥിതിയുണ്ടായിരുന്നു. 4 മണിക്കൂറോളം ഇതുവഴി ഗതാഗതം മുടങ്ങിയപ്പോൾ പണി പൂർത്തിയായ മേൽപാലത്തിലൂടെ നിർദേശം ലംഘിച്ച് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോയതു സംഘർഷം ഉയർത്തിയിരുന്നു. നാട്ടുകാർ മേൽപാലത്തിന്റെ ഇരുവശത്തും ബാരിക്കേഡ് പുനഃസ്ഥാപിച്ചതോടെ വാഹനങ്ങൾ മേൽപ്പാലത്തിൽ കുടുങ്ങുകയും ചെയ്തിരുന്നു. പണി പൂർത്തിയായ മേൽപാലം തുറക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നടപടികളുടെ ഭാഗമായി എൻഎച്ച്എഐക്കും കരാറുകാരനുമിടയിലുള്ള ഹൈദരാബാദ് ആസ്ഥാനമായ കൺസൽട്ടൻസി ഫീഡ്ബാക്ക് ഇൻഫ്രയുടെ ഉന്നത ഉദ്യോഗസ്ഥൻ ഇന്നു മേൽപാലം പരിശോധിക്കാനെത്തും.തുടർന്നു ദേശീയപാത അതോറിറ്റിയുടെ തിരുവനന്തപുരത്തെ റിജനൽ ഓഫിസർ കൂടി സന്ദർശിക്കുന്നതോടെ പാലം ഗതാഗതത്തിനു തുറക്കാൻ അനുമതി കിട്ടുമെന്നാണറിയുന്നത്.

