ദേശീയപാത ചെറുവത്തൂർ കൊവ്വൽ മുതൽ മട്ടലായി വരെ നിർമാണം അന്തിമഘട്ടത്തിൽ

ചെറുവത്തൂർ ∙ ചെറുവത്തൂർ കൊവ്വൽ മുതൽ മട്ടലായി കുന്ന് വരെ ദേശീയപാത നിർമാണം അവസാന ഘട്ടത്തിലേക്ക്. അതേസമയം പാത വികസനത്തിനായി മട്ടലായി കുന്ന് ഇടിച്ചത് നിലവിലെ പാത വഴിയുള്ള യാത്ര ആശങ്കയ്ക്കിടയാക്കുകയാണ്. മഴ ശക്തമായി കുന്നിടിഞ്ഞ് പോയാൽ അപകടത്തിന് വഴിവയ്ക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഏതാനും ആഴ്ചകൾ പിന്നിട്ടാൽ ചെറുവത്തൂർ ടൗണിൽ പോകാതെ നേരിട്ട് മട്ടലായിലേക്ക് എത്താം. പള്ളിക്കര മേൽപാലം തുറന്ന് കൊടുത്താൽ നിലേശ്വരത്ത് നിന്ന് ചെറുവത്തൂരിലേക്ക് വേഗത്തിലെത്താവുന്ന തരത്തിലേക്കാണ് ദേശീയപാത നിർമാണം മുന്നോട്ട് പോകുന്നത്. ചെറുവത്തൂർ ടൗൺ തൊടാതെ മട്ടലായിലേക് വരുന്ന പുതിയ ദേശീയ പാത. കാര്യങ്കോട്, മയിച്ച പാലം നിർമാണം ദ്രുതഗതിയിലാണ് നടക്കുന്നത്. ചെറുവത്തൂർ കൊവലിൽ നിന്ന് പാത കടന്ന് പോകുന്നത് ചെറുവത്തൂർ ടൗണ്‍ തൊടാതെയാണ്. മട്ടലായിലേക്കാണ് നേരിട്ട് പാത എത്തുക. ഇവിടെ നിർമാണം അവസാന ഘട്ടത്തിലാണ്. ടാറിങ് പ്രവൃത്തി തുടങ്ങി കഴിഞ്ഞു. ഉടൻ തന്നെ പൂർത്തിയാകും അതൊടെ ചെറുവത്തൂർ പള്ളി വളവിൽ നിന്ന് പുതിയ പാത വഴി മട്ടലായിലേക്ക് എളുപ്പത്തിലെത്താം.

