KSDLIVENEWS

Real news for everyone

അരി സംഭരിക്കാനായില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അരിക്ക് പകരം പണം

SHARE THIS ON

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘അന്ന ഭാഗ്യ’ പദ്ധതിക്ക് ആവശ്യമായ അരി സംഭരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പകരം പണം നല്‍കാന്‍ തീരുമാനം. ബിപിഎല്‍-അന്ത്യോദയ കാര്‍ഡിലെ അംഗങ്ങള്‍ക്ക് അഞ്ച് കിലോ വീതം അരി നല്‍കുന്നതിന് പകരം ഒരു കിലോ അരിക്ക് 34 രൂപ വീതം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. പണം ബാങ്ക് അക്കൗണ്ട് വഴി ഉപഭോക്താക്കളിലെത്തും. ജൂലായ് ഒന്ന് മുതല്‍ പദ്ധതി ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ അരി സംഭരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബദല്‍ സംവിധാനമായി പണം നല്‍കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷന്‍ കാര്‍ഡിലെ ഒരു അംഗത്തിന് നിലവില്‍ അഞ്ച് കിലോ വീതം അരിലഭിക്കുന്നുണ്ട്. ഇത് കൂടാതെ അഞ്ച് കിലോ വീതം കൂടി നല്‍കുന്നതാണ് അന്ന ഭാഗ്യ പദ്ധതി. ഇതിനായി പ്രതിമാസം 2.29 മെട്രിക് ടണ്‍ അരി കൂടുതലായി സംഭരിക്കണം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കര്‍ണാടകത്തിന് അരി വില്‍ക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതിസന്ധിയിലായത്. അരിക്ക് പകരം പണം നല്‍കാന്‍ തീരുമാനിച്ചതോടെ അഞ്ച് അംഗങ്ങളുള്ള ഒരു കാര്‍ഡിന് മാസം 850 രൂപ ലഭിക്കുമെന്ന് കര്‍ണാടക സിവില്‍ സപ്ലൈസ് മന്ത്രി കെ.എച്ച്.മുനിയപ്പ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!