KSDLIVENEWS

Real news for everyone

രോഹിത്തിന്റെ ക്യാപ്റ്റന്‍സി നിരാശപ്പെടുത്തുന്നു, ക്യാപ്റ്റനും കോച്ചും ഉത്തരവാദിത്തം കാണിക്കണം

SHARE THIS ON

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍. ക്യാപ്റ്റനും പരിശീലകരും കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടീം ഇന്ത്യയുടെ സമീപകാലത്തെ നിരാശാജനകമായ പ്രകടനങ്ങള്‍ വിലയിരുത്തി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാവസ്‌ക്കറുടെ വിമര്‍ശനം. കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനേട് തോറ്റ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനോടും പരാജയപ്പെട്ടിരുന്നു. ‘ഞാന്‍ രോഹിത്തില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. പക്ഷേ വിദേശത്ത് നന്നായി കളിക്കുക എന്നതാണ് യഥാര്‍ഥ പരീക്ഷണം. അവിടെയാണ് രോഹിത് നിരാശപ്പെടുത്തുന്നത്. ഐപിഎല്ലിലെ ഇത്രയും കാലത്തെ അനുഭവസമ്പത്തും ക്യാപ്റ്റനെന്ന നിലയില്‍ നൂറോളം മത്സരങ്ങള്‍ കളിച്ച പരിചയവും ഐപിഎല്ലിലെ മികച്ച താരങ്ങളും സംഘവുമുണ്ടായിട്ടും ട്വന്റി 20 ഫോര്‍മാറ്റില്‍ പോലും ഒരു ഫൈനല്‍ വരെയെത്താന്‍ സാധിക്കാതിരിക്കുക എന്നത് നിരാശാജനകമാണ്’, ഗാവസ്‌ക്കര്‍ പറഞ്ഞു. ഇന്ത്യയുടെ തോല്‍വികളെ കുറിച്ച് സെലക്ടര്‍മാരും ബിസിസിഐയും ശരിയായ അവലോകനം നടത്തിയോ എന്നും ഗാവസ്‌ക്കര്‍ ചോദിച്ചു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വി മുന്‍നിര്‍ത്തിയായിരുന്നു ഗാവസ്‌ക്കറുടെ ചോദ്യം. ഈ തോല്‍വി ചൂണ്ടിക്കാട്ടിയ അദ്ദേഹം കോച്ച് രാഹുല്‍ ദ്രാവിഡിനോടും ക്യാപ്റ്റന്‍ രോഹിത്തിനോടും മത്സരത്തില്‍ അവരെടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെടേണ്ടതായിരുന്നു എന്നും വ്യക്തമാക്കി. ടോസ് കിട്ടിയിട്ടും ബൗളിങ് തിരഞ്ഞെടുത്തതിനെയും ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടുന്ന ട്രാവിസ് ഹെഡിനെതിരേ എന്തുകൊണ്ട് തുടക്കത്തില്‍ തന്നെ ഷോര്‍ട്ട് ബോളുകളും ബൗണ്‍സറുകളും പരീക്ഷിച്ചില്ല എന്നും ഗാവസ്‌ക്കര്‍ ചോദിച്ചു. ഹെഡിന്റെ ദൗര്‍ബല്യത്തെ കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും എന്നിട്ട് എന്തുകൊണ്ട് അത് തുടക്കത്തിലേ പരീക്ഷിച്ചില്ലെന്നും അദ്ദേഹം 80 റണ്‍സടിക്കുന്നത് വരെ കാത്തിരുന്നത് എന്തിനാണെന്നും ഗാവസ്‌ക്കര്‍ ചോദിച്ചു. ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറിന്റെയും ബൗളിങ് പരിശീലകന്‍ പരസ് മാംബ്രെയുടെയും ഉത്തരവാദിത്തമില്ലായ്മയും ഗാവസ്‌ക്കര്‍ ചൂണ്ടിക്കാട്ടി. ബാറ്റര്‍മാര്‍ ഒരേ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ എന്താണ് നിങ്ങളുടെ സാങ്കേതികതയില്‍ സംഭവിച്ചതെന്ന് പരിശീലകര്‍ ചോദിക്കണം. അല്ലാതെ എങ്ങനെയാണ് നിങ്ങള്‍ ബാറ്റര്‍മാരെ മെച്ചപ്പെടുത്തുകയെന്നും ഗാവസ്‌ക്കര്‍ തുറന്നടിച്ചു. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ അടുത്ത സൗഹൃദങ്ങള്‍ ഇല്ലെന്നും കളിക്കാരെല്ലാം സഹതാരങ്ങള്‍ മാത്രമാണെന്നുമുള്ള ആര്‍. അശ്വിന്റെ അഭിപ്രായത്തെ ശരിവെയ്ക്കുകയും ചെയ്യുകയാണ് ഗാവസ്‌ക്കര്‍. കളികഴിഞ്ഞ ശേഷം ഒത്തുചേരാനോ കളിയെ കുറിച്ച് സംസാരിക്കാതെ സംഗീതത്തെ കുറിച്ചോ ഇഷ്ട സിനിമകളെ കുറിച്ചോ ഒന്നും സംസാരിക്കാനോ ഇപ്പോള്‍ താരങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നത് നിരാശാജനകമാണെന്നും ഗാവസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!