KSDLIVENEWS

Real news for everyone

സ്വര്‍ണവ്യാപാരിയെ അക്രമിച്ച് 75 പവന്‍ കവര്‍ന്നു; അര്‍ജുന്‍ ആയങ്കി പുണെയില്‍ അറസ്റ്റില്‍

SHARE THIS ON

പാലക്കാട്∙ പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണവും പണവും ഫോണും കവർന്ന കേസിൽ അർജുൻ ആയങ്കി പിടിയിൽ. മഹാരാഷ്ട്രയിലെ പുണെയിൽനിന്നു മീനാക്ഷിപുരം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. നാലു മാസം മുൻപു നടന്ന സംഭവത്തിൽ 11 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ നേരത്തെ പിടിയിലായിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കിയാണെന്നു പൊലീസ് പറഞ്ഞു. മാർച്ച് 26നു പുലർച്ചെ അഞ്ചരയോടെ പാലക്കാട് മീനാക്ഷിപുരം സൂര്യപാറയിലാണു കേസിനാസ്പദമായ സംഭവം. തൃശൂർ പുതുക്കാട് സ്വദേശി റാഫേലിന്റെ (57) പരാതിയിലാണു പൊലീസ് നടപടി. തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി തിരികെ സ്വകാര്യ ബസിൽ മടങ്ങുകയായിരുന്നു റാഫേൽ. കാറിലെത്തിയ സംഘം ബസിനു കുറുകെ വാഹനം നിർത്തി, റാഫേലിനെ പിടിച്ചിറക്കി കാറിൽ കയറ്റി തമിഴ്നാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി മർദിക്കുകയും 600 ഗ്രാം സ്വർണവും പണവും മൊബൈൽ ഫോണും കവരുകയും ചെയ്തെന്നാണു പരാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!