KSDLIVENEWS

Real news for everyone

മേജര്‍ സോക്കര്‍ ലീഗിനേക്കാള്‍ മികച്ചതാണ് സൗദി ലീഗ്- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

SHARE THIS ON

റിയാദ്: ലയണല്‍ മെസ്സി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിനേക്കാള്‍ മികച്ച ഫുട്‌ബോള്‍ ലീഗാണ് സൗദി ലീഗെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ലീഗില്‍ അല്‍ നസ്ര്‍ ക്ലബ്ബിനുവേണ്ടിയാണ് റൊണാള്‍ഡോ ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ സീസണിലാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് റൊണാള്‍ഡോ സൗദിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ സീസണില്‍ പി.എസ്.ജിയില്‍ കളിച്ച മെസ്സി പുതിയ സീസണില്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി കരാറിലൊപ്പുവെച്ചതിനുപിന്നാലെയാണ് റൊണാള്‍ഡോ അഭിപ്രായവുമായി രംഗത്തെത്തിയത്. സൗദിയില്‍ നിന്നുള്ള വമ്പന്‍ ഓഫര്‍ നിരസിച്ചാണ് മെസ്സി ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയത്. ‘എം.എല്‍.എസ്സിനേക്കാള്‍ മികച്ച ലീഗാണ് സൗദിയുടേത്. ഒരേയൊരു വര്‍ഷം കൊണ്ട് ലോകോത്തര താരങ്ങളാണ് സൗദി ലീഗിലെത്തിയത്. ഒരു വര്‍ഷം കൊണ്ടുതന്നെ ടര്‍ക്കിഷ് ലീഗിനേക്കാളും ഡച്ച് ലീഗിനേക്കാളും മുകളിലെത്താന്‍ സൗദി ലീഗിന് സാധിച്ചു’, റൊണാള്‍ഡോ വ്യക്തമാക്കി. ലാ ലിഗ ക്ലബ്ബായ സെല്‍റ്റ വിഗോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനുശേഷമാണ് റൊണാള്‍ഡോ അഭിപ്രായവുമായി രംഗത്തെത്തിയത്. മത്സരത്തില്‍ അല്‍ നസ്ര്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെട്ടു. ഇനി യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവരില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി. അടുത്ത സൗഹൃദ മത്സരത്തില്‍ ബെന്‍ഫിക്കയാണ് അല്‍ നസ്‌റിന്റെ എതിരാളികള്‍. സെല്‍റ്റ വിഗോയ്‌ക്കെതിരേ 45 മിനിറ്റോളം റൊണാള്‍ഡോ ഗ്രൗണ്ടിലിറങ്ങി. പോര്‍ച്ചുഗലിലാണ് മത്സരം നടന്നത്. ബെന്‍ഫിക്കയ്‌ക്കെതിരായ മത്സരത്തിനുശേഷം ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയാണ് അല്‍ നസ്‌റിന്റെ എതിരാളി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!