KSDLIVENEWS

Real news for everyone

കണ്ണുനീർ തുടച്ച് , വികാരഭരിതനായി , രാജ്യത്തോട് മാപ്പ് പറഞ്ഞ് കിം ജോങ് ഉൻ

SHARE THIS ON

പ്യോങ്യാങ്: കോവിഡ് മഹാമാരിക്കിടെ ജനങ്ങളെ സേവിക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും കഴിയാത്തതില്‍ രാജ്യത്തോട് മാപ്പ് പറഞ്ഞ് ഉത്തര കൊറിയന്‍ രാഷ്ട്ര തലവന്‍ കിം ജോങ് ഉന്‍. ഭരണ കക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയുടെ 75ാം വാര്‍ഷികം ആഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡിനിടെ നടത്തിയ പ്രസംഗത്തിലാണ് തന്റെ കണ്ണട ഊരി കണ്ണു തുടച്ച്‌ കൊണ്ട് അദ്ദേഹം വികാരാധീനനായി സംസാരിച്ചത്.

ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിമ്മിന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കാം ജനങ്ങളോടു മാപ്പു പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഭരണകൂടത്തിനു മേല്‍ വര്‍ധിക്കുന്ന സമ്മര്‍ദ്ദത്തിന്റെ സൂചനയാണീ കണ്ണീര്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.”ആകാശത്തോളം ഉയരത്തിലും കടലിനോളം ആഴത്തിലും എന്നില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. പക്ഷെ അതിനോട് തൃപ്തികരമായ രീതിയില്‍ നീതി പുലര്‍ത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. അതില്‍ ഖേദിക്കുന്നു, ഞാനതിന് ക്ഷമ ചോദിക്കുന്നു”- കിം പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള സുപ്രധാന ഉത്തരവാദിത്വമാണ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടില്‍ നിന്നു കരകയറ്റാന്‍ തന്റെ ശ്രമങ്ങള്‍ പര്യാപ്തമായിട്ടില്ലെന്നും കിം പറഞ്ഞു. തന്റെ പൂര്‍വ പിതാമഹന്‍മാര്‍ രാജ്യത്തിനു ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകം കിം ഊന്നിപ്പറയുകയും ചെയ്തു.

കോവിഡ് മഹാമാരിയില്‍ ലോകമെങ്ങും വെല്ലുവിളി നേരിടുന്നത് കിമ്മിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ‌ദക്ഷിണ കൊറിയയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാനുള്ള താത്പര്യം പ്രകടിപ്പിച്ച കിം യുഎസിനെ നേരിട്ടു വിമര്‍ശിക്കാതിരുന്നതും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!