ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സഹായധനം കൈമാറി

കൊച്ചി∙ ആലുവയിലെ അഞ്ചു വയസുകാരിയെ പ്രതി അസഫാക് ആലം കൊലപ്പെടുത്തിയതു കുട്ടിയുടെ തന്നെ ടീഷർട്ട് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. സാധാരണ പീഡനക്കൊലപാതകങ്ങളിൽ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകൾ കുട്ടിയുടെ മൃതദേഹത്തിൽ കണ്ടെത്തിയതിനെ തുടർന്നു ഫൊറൻസിക് വിദഗ്ധരുടെ മെഡിക്കൽ ബോർഡ് രൂപീകരിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ടും ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് മാതാപിതാക്കള്‍ക്ക് കൈമാറി. മന്ത്രിമാരായ പി.രാജീവ്, കെ.രാധാകൃഷ്ണന്‍, എം.ബി.രാജേഷ് എന്നിവര്‍ ചേര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്. ജില്ലാ കലക്ടറിന്റെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്. Advertisement അത്യന്തം ദാരുണമായ സംഭവത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതരത്തില്‍ പോലീസ് അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിരിക്കാനുള്ള ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരെയും വിവിധ വകുപ്പുകളെയും പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ഇനി ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കൃത്യമായി നടത്തേണ്ടതുണ്ടെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പോലീസ്, എക്‌സൈസ്, തദ്ദേശ സ്വയംഭരണം, തൊഴില്‍, വനിത ശിശു വികസന വകുപ്പുകളുടെ ഏകോപനത്തോടെയാകും പ്രവര്‍ത്തനം. കഴിഞ്ഞദിവസം ജില്ലാതലത്തില്‍ ഉദ്യോഗസ്ഥതല യോഗവും ചേര്‍ന്നിരുന്നു. മാതാപിതാക്കള്‍ ജോലിക്കു പോകുന്നതിനാല്‍ സ്‌കൂള്‍ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികള്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ഡേ കെയര്‍ സജ്ജമാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അതിനിടെ, കുട്ടിയെ കൊലപ്പെടുത്താൻ പ്രതി അസഫാക് ഉപയോഗിച്ച ടീഷർട്ട് തിരിച്ചറിയാൻ കോടതിയുടെ അനുവാദത്തോടെ കുട്ടിയുടെ മാതാവിന്റെ സഹായം തേടാൻ അന്വേഷണ സംഘം തീരുമാനിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മെഡിക്കൽ ബോർഡിന്റെ വിദഗ്ധ നിഗമനങ്ങളും വെള്ളിയാഴ്ച എറണാകുളം പോക്സോ കോടതിയിൽ അന്വേഷണ സംഘം സമർപ്പിക്കും. പീഡനത്തിനു ശേഷം പ്രതി അസഫാക് പെൺകുട്ടിയെ കൊലപ്പെടുത്താനുണ്ടായ കാരണം കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം തുടങ്ങി. കുറ്റകൃത്യത്തിൽ കൂടുതൽ പേർക്കു പങ്കാളിത്തമില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

