53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടി ഇല്ലാതെ സഭ; അദ്ദേഹത്തിന്റെ ആത്മാര്‍ഥത മാതൃകയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ ഷംസീറും. ഉമ്മൻ ചാണ്ടിയുടെ വേർപാടാേടെ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ പ്രധാന ഏടാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിട്ട പന്ത്രണ്ട് തവണയും അദ്ദേഹം വിജയിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 53 വർഷക്കാലം നിയമസഭാ സാമാജികനായി തുടരുക എന്നത് ജനമനസ്സുകളിൽ അദ്ദേഹം നേടിയ വിജയത്തിന്റെ തെളിവാണെന്ന് പിണറായി വിജയൻ പറഞ്ഞു. 70-കളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മൂന്ന് തവണ അദ്ദേഹം വിവിധ വകുപ്പുകളുടെ മന്ത്രിയായി. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു. ജീവിതം രാഷ്ട്രീയത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രോഗാവസ്ഥയിൽ പോലും ഏറ്റെടുത്ത കടമകൾ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ പുലർത്തി. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻ ചാണ്ടിയുടെ ആത്മാർഥത പുതുതലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1970-ൽ ഞാനും ഉമ്മൻ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാ അംഗങ്ങളായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിൽ സഭയ്ക്ക് പുറത്തുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി ആദ്യം മുതൽ ഈ സഭയിലെ അംഗമായി തുടർന്നു. ദേശീയതലത്തിൽ പ്രവർത്തിക്കാൻ അവസരമുണ്ടായപ്പോഴും അദ്ദേഹം കേരളത്തെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. എ.കെ. ആന്റണിയും കെ. കരുണാകരനുമടക്കമുള്ള കോൺഗ്രസ് നേതാക്കൾ പാർലമെന്റ് അംഗങ്ങളായി പോയിട്ടുണ്ട്. എന്നാൽ ഉമ്മൻചാണ്ടിക്ക് എന്നും പ്രിയം കേരള നിയമസഭയോടായിരുന്നു, മുഖ്യമന്ത്രി പറഞ്ഞു. രണ്ടു ടേമുകളിലായി പാര്‍ലമെന്റിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ വക്കം പുരുഷോത്തമന് സാധിച്ചതായി മുഖ്യമന്ത്രി അനുസ്മരിച്ചു. മിസോറാം ഗവര്‍ണ്ണറായിരുന്നപ്പോഴും ആന്‍ഡമാന്‍ – നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്നപ്പോഴുമെല്ലാം ഭരണഘടനയോട് കൂറുപുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു. ഏഴര പതിറ്റാണ്ടോളം നീണ്ടുനിന്ന വക്കത്തിന്റെ രാഷ്ട്രീയജീവിതം പൊതുപ്രവര്‍ത്തകര്‍ക്കാകെ, പ്രത്യേകിച്ച് പുതുതലമുറയില്‍പ്പെടുന്നവര്‍ക്കുള്ള മികച്ച ഒരു റഫറന്‍സാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എന്നുമൊരു പാഠപുസ്തകമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. ഏത് കാര്യവും ചെയ്യുമ്പോള്‍ അത് സ്വന്തം മനസാക്ഷിയെ ബോധ്യപ്പെടുത്തണമെന്ന നിര്‍ബന്ധം ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നു. കുറ്റബോധമില്ലാതെ മുന്നോട്ടുപോകാന്‍ ആ രീതി അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാകുമെന്നും സ്പീക്കര്‍ പറഞ്ഞു. അധികാരപദവികളില്‍ ഭരണപാടവവും കാര്‍ക്കശ്യവും ഉയര്‍ത്തിപ്പിടിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു വക്കം ബി. പുരുഷോത്തമനെന്നും സ്പീക്കർ അനുസ്മരിച്ചു.

