KSDLIVENEWS

Real news for everyone

കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നൽകിയ ഹർജി’: ചലച്ചിത്ര അവാർഡ് റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

SHARE THIS ON

കൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിനിമാ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നൽകിയ ഹർജിയാണെന്നും വ്യക്തമായ തെളിവുകളില്ലാതെയാണ് ഹർജിക്കാരൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് അനധികൃതമായി ഇടപെട്ടെന്നും ജൂലൈ 21നു നടന്ന അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിൽ ഹൈക്കോടതി സർക്കാരിനോടെ വിശദീകരണം തേടിയിരുന്നു. അവാർഡിനായി മത്സരിച്ച ഫീച്ചർ ഫിലിം ‘ആകാശത്തിനു താഴെ’യുടെ സംവിധായകനാണ് ലിജേഷ്.   അവാർഡ് നിർണയത്തിനുള്ള ജൂറിയുടെ തീരുമാനങ്ങളിൽ രഞ്ജിത് ഇടപെട്ടെന്ന് സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. താൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ടി’നെ ബോധപൂർവം തഴയാൻ രഞ്ജിത് ജൂറി അംഗങ്ങൾക്കിടയിൽ ആശയവിനിമയം നടത്തിയെന്ന ആരോപണത്തെ സാധൂകരിക്കാൻ ജൂറി അംഗം നേമം പുഷ്പരാജിന്റെ ഫോൺ സംഭാഷണം വിനയൻ പുറത്തുവിട്ടിരുന്നു. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്ന ചലച്ചിത്ര അവാർഡ് നിർണയം സർക്കാർ സ്വാധീനം ഇല്ലാതാക്കാനാണ് ഹൈക്കോടതി ഇടപെടലിലൂടെ ചലച്ചിത്ര അക്കാദമിക്കു കീഴിലാക്കിയതെന്നും അതാണ് അട്ടിമറിക്കപ്പെട്ടതെന്നും വിനയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!