അയോഗ്യതയെല്ലാം നീക്കിയെടുത്ത് കൂടുതല്‍ കരുത്തനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍. കല്‍പ്പറ്റയില്‍ കാല്‍ലക്ഷം പേർ സ്വീകരണത്തിൽ പങ്കെടുക്കും ; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം സസ്പെന്‍സ്

കല്‍പ്പറ്റ: അയോഗ്യതയ്ക്ക് കാരണമായ അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ ഇന്ത്യൻ രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനായി മാറിയ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് ഇന്നെത്തും.
എം പി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുല്‍ഗാന്ധിക്ക് ഇന്ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും. വൈകിട്ട് മൂന്നിന് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ കാല്‍ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കും.
വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ലോക്സഭാ മണ്ഡലത്തിലെ എല്ലാ മേഖലകളില്‍ നിന്നും പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെത്തും. അപകീര്‍ത്തി കേസിനെ തുടര്‍ന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടതോടെ ഇടക്കാലത്തേക്ക് വയനാടിന് എംപിയില്ലാത്ത അവസ്ഥയായിരുന്നു.
ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. പുതുപ്പള്ളിയിലേക്ക് രാഹുലിൻറെ അപ്രതീക്ഷിത സന്ദര്‍ശനം ഉണ്ടാവുമോ എന്നും ആകാംക്ഷയുണ്ട്. കല്‍പ്പറ്റയില്‍ പൊതു സമ്മേളനത്തെ രാഹുല്‍ അഭിസംബോധന
ചെയ്യും. സാധാരണ രാഹുല്‍ എത്തുമ്ബോള്‍ കല്‍പ്പറ്റ നഗരത്തില്‍ റാലി നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അത്തരമൊരു റാലി നടത്തുന്നില്ല.
രാഹുല്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തില്‍ എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഒമ്ബത് വീടുകളുടെ താക്കോല്‍ കൈമാറും. അടുത്തദിവസം മാനന്തവാടിയിലാണ് രാഹുലിൻറെ പരിപാടികള്‍.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ആകെ മൂന്നോ നാലോ പരിപാടികള്‍ മാത്രമാണ് ക്രമീകരിച്ചിട്ടുള്ളത്. രാഹുലിനെ സ്വീകരിക്കുന്നതിനായി വയനാട്ടില്‍ വലിയ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തിക്കഴിഞ്ഞിട്ടുണ്ട്.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്വൻഷൻ രാഹുല്‍ ഉദ്ഘാടനം ചെയ്യുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
സാധാരണ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് രാഹുല്‍ പോകുന്നത് പതിവില്ല. രാഹുല്‍ എത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂ.
കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ്, എ പി അനില്‍കുമാര്‍ എം എല്‍ എ, ഐ സി ബാലകൃഷ്ണൻ എം എല്‍ എ, വയനാട് ജില്ലയുടെ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി ജമീല അലിപ്പറ്റ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്.
ചടങ്ങിനോടനുബന്ധിച്ച് കൈത്താങ്ങ് പദ്ധതി പ്രകാരം നിര്‍മ്മിച്ച ഒമ്ബത് വീടുകളുടെ താക്കോല്‍ദാനവും രാഹുല്‍ഗാന്ധി എം പി നിര്‍വഹിക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, താരിഖ് അൻവര്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി,
കെ. മുരളീധരൻ എം.പി, എം.കെ. രാഘവൻ എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സി.പി. ജോണ്‍, ദേവരാജൻ, എം.എല്‍.എമാരായ മോൻസ് ജോസഫ്, അഡ്വ. ടി. സിദ്ധിഖ്, എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഞായറാഴ്ച 11 മണിക്ക് മാനന്തവാടി നല്ലൂര്‍നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ കാൻസര്‍ സെന്ററിന്റെ എച്ച് ടി കണക്ഷന്റെ ഉദ്ഘാടനവും രാഹുല്‍ഗാന്ധി എം പി നിര്‍വഹിക്കും. വൈകിട്ട് ആറരക്ക് തിരുവമ്ബാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരിയിലെ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും രാഹുല്‍ നിര്‍വഹിക്കും.

