പുതുപ്പള്ളി തിരഞ്ഞെടുപ്പ്: വ്യക്തി അധിക്ഷേപം വിലക്കി സിപിഎം

തിരുവനന്തപുരം: വികസനം ചര്‍ച്ചയാക്കിയും സര്‍ക്കാരിന്റെ പദ്ധതികള്‍ വിശദീകരിച്ചും പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിര്‍ദേശം. വ്യക്തി അധിക്ഷേപങ്ങളാകുന്ന പരാമര്‍ശങ്ങള്‍ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ല. ഉമ്മന്‍ചാണ്ടിയുടെ മരണത്തിനുശേഷമുള്ള വൈകാരികത മാത്രമാണ് യു.ഡി.എഫ്. ആയുധമാക്കുന്നതെങ്കില്‍, അതിനെ രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കാമെന്നാണ് സി.പി.എം. തീരുമാനം.
ഉമ്മന്‍ചാണ്ടിയുടെ ചികിത്സസംബന്ധിച്ച് പ്രാദേശികമായി നേതാക്കള്‍ ഉയര്‍ത്തിയ ആരോപണം ഗുണകരമാകില്ലെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. വികസനപ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയാല്‍ ഇടതുപക്ഷത്തിന് വിജയിക്കാന്‍ കഴിയുന്ന സ്ഥിതിയാണെന്നാണ് സി.പി.എം. വിലയിരുത്തല്‍. നിലവില്‍ മണ്ഡലത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ചുമതല നല്‍കിയ നേതാക്കള്‍ അവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും. തൃക്കാക്കരയിലേതിന് സമാനമായി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് ചുമതല നല്‍കി പ്രചാരണം നയിക്കുന്ന രീതി ഒഴിവാക്കി. 24-ന് രണ്ടുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
എന്‍.എസ്.എസ്. എന്നും വര്‍ഗീയതയ്‌ക്കെതിരേ നിലപാടെടുത്തു -ജെയ്ക്
കോട്ടയം: വര്‍ഗീയതയ്‌ക്കെതിരേ അതിശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് എന്‍.എസ്.എസെന്ന് പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്. വര്‍ഗീയതയെ പടിയടച്ച് പിണ്ഡംവെച്ച പ്രസ്ഥാനമാണത്. ജീവല്‍പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. അതിനോട് യോജിക്കാനേ സാമുദായിക, മതമേഖലകളിലുള്ളവര്‍ക്ക് കഴിയൂ -ജെയ്ക് പറഞ്ഞു.
ഞായറാഴ്ച എന്‍.എസ്.എസ്. ആസ്ഥാനത്തെത്തിയ ജെയ്ക് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെക്കണ്ട് പിന്തുണ അഭ്യര്‍ഥിച്ചു. മന്ത്രി വി.എന്‍. വാസവനും ഒപ്പമുണ്ടായിരുന്നു.

