ക്രിസ്റ്റ്യാനോ ഇല്ല, ‘ലിവര്‍പൂള്‍ താരങ്ങളുടെ കളിയില്‍’ അല്‍ നസ്റിന് തോല്‍വി

റിയാദ്: അറബ് ചാമ്ബ്യൻസ് കപ്പ് നേടിയതിന്റെ അത്യാവേശത്തില്‍ സൗദി പ്രോ ലീഗിലെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ അല്‍ നസ്റിന് തോല്‍വി. അല്‍ ഇത്തിഫാക്കാണ് നസ്റിനെ തോല്പിച്ചത്(2-1). സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ ടീമിനെ നയിച്ച സാദിയോ മാനെ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാന്‍ ആയില്ല. കളിക്കാരനും പരിശീലകനും അടക്കം മൂന്ന് മുൻ ലിവര്‍പൂള്‍ താരങ്ങള്‍ കൊമ്ബുകോര്‍ത്ത മൈതാനത്ത് അല്‍ നസ്റിന് തോല്‍ക്കാനായിരുന്നു യോഗം. അല്‍ ഇത്തിഫാഖിന്റെ പരിശീലകൻ മുൻ ലിവര്‍പൂള്‍- ഇംഗ്ലണ്ട് താരം സ്റ്റീവൻ ജെറാഡ് ആയിരുന്നു. നായകനായത് മറ്റൊരു താരം ജോര്‍ദാൻ ഹെൻഡേഴ്സണും. അല്‍ നസ്റില്‍ സാദിയോ മാനെയായിരുന്നു ലിവര്‍പൂളിനായി കളിച്ചിരുന്നത്. മൂവരെയും പണമെറിഞ്ഞാണ് സൗദി ക്ലബ്ബുകള്‍ പുതിയ സീസണില്‍ ടീമില്‍ എത്തിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്രൊയേഷ്യയുടെ ബ്രൊസോവിച്ചും അടക്കം ടീമിലെ പ്രമുഖ വിദേശ താരങ്ങളൊന്നും ഇല്ലാതെയാണ് അല്‍ നസര്‍ മനേജര്‍ ലൂയിസ് കാസ്ട്രോ ടീമിനെ ഇറക്കിയത്. എന്നിട്ടും നാലാം മിനുറ്റില്‍ മുന്നിലെത്താൻ ടീമിനായി. മാനെയാണ് ക്ലോസ് റേഞ്ചില്‍ നിന്ന് ഗോള്‍ നേടിയത്. താരത്തിന്റെ സൗദി പ്രോ ലീഗിലെ ആദ്യ ഗോള്‍. ക്രിസ്റ്റ്യാനോയുടെ അഭാവത്തില്‍ ടീമിന്റെ മുന്നേറ്റ നിരയെ ചലിപ്പിച്ച് മാനെയായിരുന്നു. ഒന്നാം പകുതി അല്‍ നസര്‍ അവസാനിപ്പിച്ചതും മാനെയുടെ ഗോളിന്റെ ലീഡിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ആറു മിനുറ്റിന്റെ ഇടവേളകളില്‍ പിറന്ന രണ്ട് ഗോളുകള്‍ അല്‍ ഇത്തിഫാഖിന്റെ വിജയം ഉറപ്പിച്ചു. 47ാം മിനുറ്റില്‍ റോബിൻ ക്വായിസണ്‍, 53ാം മിനുറ്റില്‍ മൂസാ ഡംബലെ എന്നിവരാണ് അല്‍ ഇത്തിഫാഖിനായി എതിര് ടീമിന്റെ വല ചലിപ്പിച്ചത്. തകര്‍പ്പനൊരു വോളിയിലൂടെ മാനെ രണ്ടാമതും വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയില്‍ വീണു. അറബ് കപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് റൊണാള്‍ഡോക്ക് മത്സരം നഷ്ടമായത്. അതേസമയം സ്റ്റീവൻ ജെറാഡിനും ജോര്ഡാൻ ഹെൻഡേര്സണും ജയത്തോടെ തുടങ്ങനായി എന്നത് വരും മത്സരങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

