KSDLIVENEWS

Real news for everyone

ബൈക്കപകടമല്ല, DYFI മുന്‍നേതാവിന്റെ മരണം കൊലപാതകം; സഹോദരനും സുഹൃത്തും മുങ്ങിയത് സംശയത്തിനിടയാക്കി

SHARE THIS ON

തൃശ്ശൂർ: റോഡിലെ കയറ്റത്തിൽ ബൈക്കിൽനിന്ന്‌ വീണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അരിമ്പൂർ കായൽറോഡ് കുന്നത്തുംകര ഷാജിയുടെ മകൻ ഷൈനാ(29) ണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെ അരണാട്ടുകര റോഡിൽ ചേറ്റുപുഴ കയറ്റത്തായിരുന്നു സംഭവം. ഷൈനിന്റെ സഹോദരൻ ഷെറിൻ (27), കൂട്ടുകാരൻ ചെത്തിക്കാട്ടിൽ അരുൺ (25) എന്നിവരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.


ഡി.വൈ.എഫ്.ഐ. കായൽ റോഡ് യൂണിറ്റ് മുൻ സെക്രട്ടറിയായ ഷൈൻ തമിഴ്നാട്ടിലെ ട്രിച്ചിയിൽ പെയിന്റിങ് തൊഴിലാളിയാണ്. ജോലിസ്ഥലത്തുനിന്ന് ഒരുമാസത്തിന് ശേഷം ഞായറാഴ്ച രാത്രിയാണ് നാട്ടിലെത്തിയത്. തൃശ്ശൂർ-കാഞ്ഞാണി റൂട്ടിൽ ബസ് സമരമായതിനാൽ സഹോദരനും സുഹൃത്തും ചേർന്ന് ഷൈനിനെ ശക്തൻ സ്റ്റാൻഡിൽനിന്ന്‌ ബൈക്കിൽ കൂട്ടിക്കൊണ്ടുവരുകയായിരുന്നു. ഭാരമേറിയ ബാഗുമായി പുറകിലിരുന്ന യുവാവ് കയറ്റത്തിൽ ബൈക്കിൽനിന്ന് റോഡിലേക്ക് വീണെന്നും രക്ഷിക്കാനായില്ലെന്നുമാണ് പ്രതികൾ പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ബൈക്കിൽനിന്ന്‌ വീണുണ്ടായ പരിക്കല്ലെന്നും ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചതാണ് മരണകാരണമെന്നും തെളിഞ്ഞു.


ബൈക്കിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഷെറിനും അരുണും കൂടിയാണ് ഷൈനിനെ കൂട്ടികൊണ്ടുവരാൻ ബൈക്കിൽ പോയിരുന്നത്. അരുണാണ് ബൈക്ക് ഓടിച്ചിരുന്നത്. ചേറ്റുപുഴ ഇറക്കത്തിൽ പെട്രോൾ തീർന്ന് ബൈക്ക് നിന്നപ്പോൾ അരുണിന് തന്റെ ബൈക്ക് ഓടിക്കാൻ നൽകിയത് ഷൈൻ ചോദ്യം ചെയ്തു. പെട്രോളടിക്കാൻ പണം ചോദിച്ചിട്ടും കൊടുത്തില്ല. ഇതേ തുടർന്ന് രോഷാകുലനായ ഷെറിൻ തലയ്ക്കടിച്ചെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നേരത്തെ ഷൈൻ ഷെറിനുകൊടുത്ത പണം തിരിച്ചുനൽകാത്തതും തർക്കമായെന്ന് പോലീസ് പറയുന്നു.

പ്രതികൾ മുങ്ങി, പോലീസിന് സംശയമായി

ഞായറാഴ്‌ച രാത്രി പൊതുപ്രവർത്തകനായിരുന്ന യുവാവ് അപകടത്തിൽ‍ മരിച്ചെന്ന് കരുതിയ നാട്ടുകാരെ ഞെട്ടിച്ചത് കൊലപാതകമെന്ന പോലീസ് കണ്ടെത്തലാണ്. ഷൈൻ ബൈക്കിൽനിന്ന് വീണെന്നും രക്ഷിക്കാനായില്ലെന്നും പറഞ്ഞ പ്രതികളെ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടക്കുമ്പോൾ ആ വഴിക്ക് കാണാതിരുന്നതാണ് ആദ്യം സംശയമുണ്ടാക്കിയത്. പ്രതികൾ പറഞ്ഞ കഥ പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിരുന്നുമില്ല. ‌

പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് പരിക്കേറ്റത് എങ്ങനെയെന്ന് പ്രത്യേകം നിരീക്ഷിക്കാനും പോലീസ് സർജന് നിർദേശം നൽകിയിരുന്നു. ഷൈൻ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. തലയ്ക്കടിയേറ്റാണ് മരണമെന്ന് ഉറപ്പായതോടെ പോലീസ് ഷെറിനെ തേടിയെത്തി. തിങ്കളാഴ്‌ച വൈകീട്ട് സംസ്‌കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഷെറിനെ അരിമ്പൂർ പള്ളി റോഡിൽനിന്ന്‌ മൊഴിയെടുക്കാനെന്ന് പറഞ്ഞാണ് പോലീസ് കൊണ്ടുപോയത്.

അരുണിനെ പരയ്ക്കാടുള്ള വീട്ടിൽനിന്ന്‌ പിടികൂടി. അരുൺ ചെണ്ടമേളക്കാരനാണ്. കൊട്ടാൻ പോകാത്തപ്പോൾ മരം മുറിക്കാനും പോകും. ഷെറിൻ കുന്നത്തങ്ങാടി പേട്ടയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. പോലീസിന് ചില സി.സി.ടി.വി. ദൃശ്യങ്ങളും തെളിവായി കിട്ടിയതായി അറിയുന്നു.

ചൊവ്വാഴ്‌ച പ്രതികളെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃശ്ശൂർ ടൗൺ വെസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ഫർഷാദിനാണ് അന്വേഷണച്ചുമതല. എസ്.ഐ. വിജയൻ, സീനിയർ സി.പി.ഒ.മാരായ ഹരിഹരൻ, ജിയോ, സി.പി.ഒ.മാരായ ഗീതു കൃഷ്ണ, ശ്രീരാഗ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!