KSDLIVENEWS

Real news for everyone

അന്‍വറിന്റെ കൈവശം 19 ഏക്കര്‍ അധികം; 2007 മുതല്‍ ഭൂപരിഷ്‌കരണനിയമം ലംഘിച്ചെന്ന് കണ്ടെത്തൽ

SHARE THIS ON

തിരുവമ്പാടി(കോഴിക്കോട്): പി.വി. അന്‍വര്‍ എം.എല്‍.എ. ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാത്തത് മിച്ചഭൂമി കേസിന്റെ നടപടികള്‍ നീണ്ടുപോകാന്‍ കാരണമാകുന്നതായി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ്. ഒരാഴ്ചയ്ക്കകം ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും ബോര്‍ഡ് ചെയര്‍മാന്‍ നോട്ടീസ് അയച്ചു. അന്‍വറിന്റെയും കുടുംബത്തിന്റെയും ഭൂമി 31.26 ഏക്കറായി കണ്ടെത്തി, ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അധികമായി കൈവശംവെക്കുന്ന 19.26 ഏക്കര്‍ തിരിച്ചുപിടിക്കാനാണ് നോട്ടീസ്. ജനുവരി 10-നകം ഭൂരേഖകള്‍ ഹാജരാക്കാന്‍ ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അന്‍വര്‍ രേഖകള്‍ ഹാജരാക്കിയിരുന്നില്ല. പരാതിക്കാരന്‍ ഹാജരാക്കിയ രേഖകളും ജില്ലാ രജിസ്ട്രാര്‍മാര്‍ മുഖേന ലഭിച്ച രേഖകളും പരിശോധിച്ചതില്‍ അന്‍വറും ആദ്യഭാര്യ ഷീജയും മക്കളും ഉള്‍പ്പെടുന്ന സ്റ്റാറ്റിയൂട്ടറി ഫാമിലി ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 87 (1) പ്രകാരം 2007 മാര്‍ച്ച് 23-ന് തന്നെ കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി കടന്നതായും ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി. ബുധനാഴ്ച താമരശ്ശേരി താലൂക്ക് ഓഫീസില്‍ നടന്ന സിറ്റിങ്ങില്‍ ഓതറൈസ്ഡ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രധാന കണ്ടെത്തല്‍. 2021 ജൂലായ് 29-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭേദഗതികള്‍ വരുത്തിയാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കരട് പട്ടികപ്രകാരം 22.82 ഏക്കറെന്ന് നിജപ്പെടുത്തിയായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടില്‍ അന്‍വറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള ഭൂമിയുടെ അളവ് 31.26 ഏക്കറായി. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്‍വറിന്റെ സ്റ്റാറ്റിയൂട്ടറി ഫാമിലിയുടെ കൈവശംമാത്രം 22.41 ഏക്കറുള്ളതായാണ് ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രണ്ടാംഭാര്യ ഹഫ്‌സത്തും മകനും ഉള്‍പ്പെടുന്ന സെപ്പറേറ്റ് ഫാമിലി സീലിങ് പരിധി മറികടന്നിട്ടില്ലെന്നും ഇവരുടെ പേരില്‍ മിച്ചഭൂമി ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം കേസില്‍ കക്ഷിയായ ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ-ഓര്‍ഡിനേറ്ററുമായ കെ.വി. ഷാജി 10-ന് നടന്ന സിറ്റിങ്ങില്‍ 30 ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കിയിരുന്നു. ബിനാമികളുടേത് ഉള്‍പ്പെടെ 50.49 ഏക്കര്‍ ഭൂമിയുടെ രേഖകളും ഹാജരാക്കി. അതേസമയം, പരാതിക്കാരന്‍ നല്‍കിയ പട്ടികയിലെ എല്ലാ ഭൂമിയും അന്‍വറിന്റേതല്ലെന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്‍വറിന്റെ ഡ്രൈവറുടെയും മാനേജരുടെയും മറ്റും പേരില്‍ വാങ്ങിയ ബിനാമി ഭൂമി സ്റ്റാറ്റിയൂട്ടറി ഫാമിലിയുടെ ഭാഗമല്ലെന്ന് പറഞ്ഞ് ലാന്‍ഡ് ബോര്‍ഡ് പരിഗണിച്ചില്ലെന്നും ഹാജരാക്കിയ രേഖകളില്‍നിന്നും അന്‍വറിന്റെയും കുടുംബത്തിന്റെയും കൂടുതല്‍ ഭൂമി പരിഗണിക്കാത്തത് സംബന്ധിച്ച വിശദമായ പരാതി സമര്‍പ്പിക്കുമെന്നും കെ.വി. ഷാജി മാതൃഭൂമിയോട് പറഞ്ഞു. പരാതിക്കാരന് ഭൂമി സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇനി അവസരം നല്‍കരുതെന്ന് അന്‍വറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ടി. ആര്‍. രജീഷ്, താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. ജുബീഷ്, ലാന്‍ഡ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു. 25-ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലാണ് അടുത്ത സിറ്റിങ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!