മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കുന്നു; മാധ്യമങ്ങള്‍ക്ക് മുന്നില്‍വരാന്‍ ധൈര്യമുണ്ടോ-സതീശന്

കോട്ടയം: അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രി സംവാദത്തിന് വെല്ലുവിളിച്ച സതീശന് ചുരുങ്ങിയത് മാധ്യമങ്ങളുടെ മുന്നില്‍ വരാനെങ്കിലും ധൈര്യം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. പുതുപ്പള്ളിയില്‍ പ്രചാരണത്തിനിടെ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വികസന ചര്‍ച്ചയ്ക്കുള്ള ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി.തോമസിന്റെ ക്ഷണം കോണ്‍ഗ്രസ് തള്ളുകയും ചെയ്തു. തിരഞ്ഞെടുപ്പ് അജണ്ട സിപിഎം നിശ്ചയിക്കേണ്ടെന്ന് സതീശന് പറഞ്ഞു. വിസ്മയകരമായ വികസനം നടന്ന സ്ഥലമാണ് പുതുപ്പള്ളി. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ കളങ്കപ്പെടുത്തുക, പ്രതിക്കൂട്ടില്‍ നില്ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ രക്ഷപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്‍ഡിഎഫിന്റെ വികസന ചര്‍ച്ചയെന്നും സതീശന് പറഞ്ഞു. ‘എന്ത് വികസനം നടന്നുവെന്നത് എല്ലാ വീടുകളിലും ബുക്ക്ലെറ്റായി എത്തിച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ കെണിയില്‍ വീഴില്ല. ഞങ്ങളുടെ തിരഞ്ഞെടുപ്പിന്റെ അജണ്ട സിപിഎം ഓഫീസില്‍ നിന്ന് തീരുമാനിക്കേണ്ട. ഞങ്ങളുടെ അജണ്ടയ്ക്ക് പിന്നാലെ പോരാന്‍ പറ്റുമെങ്കില്‍ വന്നോ. ഞങ്ങള്‍ മുഖ്യമന്ത്രിയെ ആണ് സംവാദത്തിന് ക്ഷണിക്കുന്നത്. ആറ് മാസമായി മുഖ്യമന്ത്രി വാ തുറന്നിട്ട്. അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. വാ തുറക്കാന്‍ മടിയുള്ള മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണോ ഞങ്ങളെ സംവാദത്തിന് വിളിക്കുന്നത്’ പ്രതിപക്ഷ നേതാവ് ചോദിച്ചു. സംവാദത്തിന് വരികയൊന്നും വേണ്ട, ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഒരു പത്രസസമ്മേളനമെങ്കിലും നടത്തട്ടെയെന്നും സതീശന് പറഞ്ഞു. മാസപ്പടിയെ പറ്റി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഒന്നും അറിയില്ല. യുഡിഎഫ് നേതാക്കളെ കുറിച്ചും മാസപ്പടി വിവാദമുണ്ടായി. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി വിശദീകരിച്ചു. മുഖ്യമന്ത്രിയെ കുറിച്ചും കുടുംബത്തെ കുറിച്ചും ആരോപണം വന്നു. അദ്ദേഹം അതിനെ കുറിച്ച് വിശദീകരിച്ചോയെന്നും പ്രതിപക്ഷ നേതാവ് ആരാഞ്ഞു.

