യുഡിഎഫ് എംപിമാർ കേരളത്തെ വഞ്ചിക്കുന്നു, കേന്ദ്രവിഹിതം ലഭ്യമാക്കാൻ കൂടെനിൽക്കുന്നില്ല- ധനമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന് കിട്ടേണ്ട കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ യു.ഡി.എഫ്. എം.പി.മാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. സംസ്ഥാനത്തെ കടമെടുക്കാൻ സമ്മതിക്കുന്നില്ലെന്നും ധനമന്ത്രി ആരോപിച്ചു. കേരളത്തിനു ലഭിക്കേണ്ട നികുതി വിഹിതവും വരുമാനവും കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. ഇത് കേന്ദ്രത്തില്‍നിന്ന് വാങ്ങിയെടുക്കാന്‍ കേരളത്തില്‍നിന്നുള്ള യു.ഡി.എഫ്. എം.പി.മാര്‍ ഒപ്പം നില്ക്കുന്നില്ല. എം.പി.മാര്‍ കേരളത്തിലെ ജനങ്ങളോട് വഞ്ചനാപരമായി പെരുമാറുകയാണ്. ഇത് യു.ഡി.എഫിന്റെ നയമാണോ എന്ന് നേതൃത്വം മറുപടി പറയണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ എം.പി.മാരുടെ യോഗത്തില്‍ കേരളത്തിന് ലഭ്യമാകേണ്ട നികുതി – വരുമാന വിഹിതം വാങ്ങാന്‍ കൂടെനില്‍ക്കാമെന്ന് എം.പി.മാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സമയം നിശ്ചയിച്ച് ഡല്‍ഹിയിലെത്തി ധനമന്ത്രിയെക്കാണാന്‍ തീരുമാനിച്ചെങ്കിലും അതുസംബന്ധിച്ച മെമ്മൊറാണ്ടത്തില്‍ ഒറ്റ യു.ഡി.എഫ്. എം.പി.മാര്‍ പോലും ഒപ്പിടാനോ കൂടെ നില്‍ക്കാനോ തയ്യാറായില്ല. കേരളത്തിലെ എം.പി.മാര്‍ ബി.ജെ.പി.യുടെ താത്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ലമെന്റിലും മറ്റും കേരളത്തിന് എതിരായി സംസാരിക്കാന്‍ ഇവര്‍ തയ്യാറാകുന്നുണ്ടെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പ്രമുഖനായ നേതാവുകൂടിയായ വയനാട് എം.പി. രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തില്‍ ഇടപെടുന്നില്ല. രാജ്യത്തിന്റെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന രാഹുല്‍ കേരളത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എം.പി.മാരെ സജ്ജരാക്കാന്‍ തയ്യാറാകുന്നില്ല. കേരളത്തിന് ലഭിക്കാനുള്ള വിഹിതം സംബന്ധിച്ച് എം.പി.മാര്‍ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി ഉന്നയിച്ചാല്‍ മറ്റു സംസ്ഥാനങ്ങള്‍ കൂടെനില്‍ക്കും. ഡല്‍ഹിയില്‍ പത്രസമ്മേളനം വിളിച്ച് ഇക്കാര്യം ഉന്നയിച്ചാല്‍ കേന്ദ്ര നേതാക്കള്‍ക്ക് ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിനെല്ലാം പുറമേ കടമെടുക്കാനും കേരളത്തെ അനുവദിക്കുന്നില്ല. കേരളത്തെ സാമ്പത്തിക ഉപരോധത്തിലെത്തിക്കാനുള്ള നടപടിയാണിത്. കൈവിരലുകള്‍ ചേര്‍ത്ത് പ്ലാസ്റ്ററിട്ട് കെട്ടി നിങ്ങളെന്തെങ്കിലും ചെയ്യൂ എന്ന് കേന്ദ്രം പറഞ്ഞാല്‍ നടക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

