ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ അപൂർവയിനം അമേരിക്കൻ പരുന്തിനെ അബുദാബിയിൽ ലേലത്തിൽ വിറ്റു

അബുദാബി∙ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ അപൂർവയിനം അമേരിക്കൻ പരുന്തിനെ അബുദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്‌ട്രിയൻ എക്‌സിബിഷനിൽ വിറ്റു. ഒരു ദശലക്ഷം ദിർഹത്തിനാണ് ( 2,26,40,076 ഇന്ത്യൻ രൂപ) പരുന്തിനെ വിറ്റത്. വെളുത്ത നിറമുള്ള ഈ പരുന്തിനെ( പ്യൂവർ ഗിയർ – അൾട്രാ വൈറ്റ്) സ്വന്തമാക്കുന്നതിന് നിരവധി പേർ എത്തിയിരുന്നു. എമിറേറ്റ്സ് ഫാൽക്കണേഴ്‌സ് ക്ലബാണ് ലേലം സംഘടിപ്പിച്ചത്. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ അടുത്ത മാസം രണ്ട് മുതൽ പരുന്തുകളുടെ ഏഴ് ദിവസത്തെ എക്സിബിഷൻ ആരംഭിക്കും. ഇതിനോട് അനുബന്ധിച്ചും എമിറേറ്റ്സ് ഫാൽക്കണേഴ്‌സ് ക്ലബ് ലേലം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ലേലത്തിൽ യഥാക്രമം പ്രാദേശിക, രാജ്യാന്തര ഫാമുകളിൽ ഉൽപ്പാദിപ്പിക്കുന്ന പ്യുവർ ഗൈർ, ആൺ പ്യുവർ ഗൈർ , പ്യുവർ സാക്കർ എന്നിങ്ങനെ മൂന്ന് ക്യാപ്റ്റീവ് ബ്രീഡ് പരുന്തുകൾക്കായി ആറ് വിഭാഗങ്ങളുണ്ടാകും. കൂടാതെ, ഏറ്റവും മനോഹരമായ ക്യാപ്റ്റീവ് പരുന്തുകൾക്ക് വേണ്ടിയുള്ള മത്സരങ്ങളും അപൂർവ പരുന്തുകളിൽ മികച്ചതിനെ കണ്ടെത്തുന്നതിനായി തിരഞ്ഞെടുപ്പുകളും ഉണ്ടായിരിക്കും. Read also: അധിക ബാഗേജ് നിരക്ക് മൂന്നിലൊന്നാക്കി കുറച്ച് എയർ ഇന്ത്യാ എക്സ്പ്രസ്; 5 കിലോ ‘അധിക ബാഗേജ്’ സൗജന്യം പരുന്ത് പ്രേമികളുടെയും പ്രധാന ആകർഷണങ്ങളിലൊന്നാണ് ക്യാപ്റ്റീവ് ബ്രീഡ് പരുന്ത് ലേലം. പരുന്ത് ബ്രീഡിംഗ് ഫാമുകളുടെയും കേന്ദ്രങ്ങളുടെയും ഉടമകൾ ഏറ്റവും മികച്ച പരുന്തുകളെ സ്വന്തമാക്കുന്നതിന് ഈ അവസരം വിനയോഗിക്കും. ഉമ്മ ജെനിബ ഫാം വാഗ്ദാനം ചെയ്യുന്ന ഫാൽക്കൺ റാഫിൾ നറുക്കെടുപ്പ് ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾ ലേലത്തിൽ കാണാം. സമൂഹ മാധ്യമങ്ങളിലൂടെയും സംഘാടകരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലേലം തത്സമയം സംപ്രേക്ഷണം ചെയ്യും.

