മുഖ്യമന്ത്രിയുടെ മകൾ ജി.എസ്.ടി. അടച്ചില്ലെന്ന പരാതി; ധനമന്ത്രി പരിശോധിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ നികുതിനൽകിയില്ലെന്ന മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ ആരോപണത്തെപ്പറ്റി ധനവകുപ്പ് പരിശോധിക്കും. വീണയും അവരുടെ കമ്പനിയും കെ.എം.ആർ.എലിൽനിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ജി.എസ്.ടി. അടച്ചിട്ടില്ലെന്നാണ് കുഴൽനാടന്റെ ആരോപണം. അടച്ചെങ്കിൽ രേഖ പുറത്തുവിടണമെന്നും ആവശ്യമുന്നയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കുഴൽനാടൻ ഇ-മെയിലിൽ പരാതിയയച്ചിരുന്നു. പരാതി കിട്ടിയതായി ധനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച ധനമന്ത്രി ഓഫീസിൽ എത്തിയില്ല. അതിനാൽ ഔദ്യോഗികമായി പരാതി സ്വീകരിച്ചിട്ടില്ല. തിങ്കളാഴ്ച അദ്ദേഹം ഓഫീസിലെത്തും. പരാതി പരിശോധനയ്ക്കായി നികുതിവകുപ്പിന് കൈമാറും. നികുതിസംബന്ധിച്ച പരാതിയായതിനാൽ സർക്കാരിന് പരിശോധിക്കാതെ ഒഴിഞ്ഞുമാറാനാവില്ല. അന്തസ്സംസ്ഥാന വ്യാപാരവും സേവന ഇടപാടുകളും നടത്തുന്ന കമ്പനികൾ ഇന്റഗ്രേറ്റഡ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ഐ.ജി.എസ്.ടി.) ആണ് നൽകേണ്ടത്. ഈ കമ്പനി ഏത് സംസ്ഥാനത്താണോ രജിസ്റ്റർചെയ്തത് അവിടെയാണ് നികുതിയൊടുക്കേണ്ടത്. അത് കേന്ദ്രപൂളിലേക്ക് പോകും. അവിടെനിന്ന് ആ സേവനവും സാധനവും എത്തിയ സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകുകയാണ് രീതി. നികുതിനൽകുന്നതിൽ വീഴ്ചവന്നാൽ നികുതിദായകർ രജിസ്റ്റർചെയ്ത സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നടപടിയെടുക്കാം.

