ദേശീയപാതാ വികസനം: കറന്തക്കാട്-നുള്ളിപ്പാടി ആകാശപാതയുടെ മൂന്ന് സ്പാനുകൾ പൂർത്തിയായി

കാസർകോട് : ദേശീയപാതാ വികസനത്തിൽ തലപ്പാടി-ചെങ്കള റീച്ചിലെ നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. കറന്തക്കാട്-നുള്ളിപ്പാടി ആകാശപാതയുടെ മൂന്ന് സ്പാനുകളുടെ നിർമാണമാണ് ഇതുവരെ പൂർത്തിയായത്. നാലാമത്തെ സ്പാനിന്റെ കോൺക്രീറ്റ് പ്രവൃത്തി തിങ്കളാഴ്ച പൂർത്തിയാക്കും. എട്ട് സ്പാനുകളുടെ പണി നടക്കുന്നുണ്ട്. ഒരുകിലോമീറ്റർ നീളവും 130 മീറ്റർ വീതിയുമുള്ള ആകാശപാതയ്ക്ക് ആകെ 30 സ്പാനുകളാണുള്ളത്. തലപ്പാടിമുതൽ ചെങ്കളവരെയുള്ള 39 കീലോമീറ്റർ റോഡിൽ 18 കിലോമീറ്ററിൽ ടാറിങ് പൂർത്തിയായി. 33 കിലോമീറ്റർ സർവീസ് റോഡിൽ 22.5 കിലോമീറ്റർ പൂർത്തിയായി. 2024-ഓടെ നിർമാണം പൂർത്തിയാകുമെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ പറയുന്നു.

