പണമില്ല, ചെലവ് ചുരുക്കണം: സർക്കാർ വകുപ്പുകളുടെ പഞ്ചനക്ഷത്ര സൗകര്യം വിലക്കി ധനവകുപ്പ്

തിരുവനന്തപുരം∙ സർക്കാർ വകുപ്പുകളും സർക്കാർ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും സെമിനാർ, ശിൽപശാലകൾ, പരിശീലന പരിപാടികൾ എന്നിവ നടത്താൻ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ചെലവുകൾ ചുരുക്കണമെന്ന് ധനവകുപ്പ് നിർദേശം നൽകി. നിർദേശം ലംഘിച്ചാൽ ഉദ്യോഗസ്ഥരിൽനിന്ന് പലിശസഹിതം ചെലവ് തിരികെ പിടിക്കും സർക്കാർ വകുപ്പുകൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങൾ തുടങ്ങിയവ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ തങ്ങൾക്കു കീഴിലുള്ള സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. സ്ഥാപനങ്ങളുടെ കീഴിലുള്ള സംവിധാനം ഉപയോഗിക്കണം. നിർദേശത്തിനു വിരുദ്ധമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ചെലവുകൾ, മുൻകൂറുകൾ തിരിച്ചടയ്ക്കാൻ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്നും പലിശ സഹിതം ചെലവുകൾ തിരിച്ചു പിടിക്കും. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിൽ വകുപ്പ് സെക്രട്ടറിക്ക് വ്യവസ്ഥയിൽ ഇളവ് അനുവദിക്കാം.

