ചെന്നിത്തലയ്ക്ക് അതൃപ്തിയില്ലെന്ന് സതീശന്‍, പരിഹരിക്കുമെന്ന് കെ.സി; പ്രതികരണം ആറിനെന്ന് രമേശ്

കോട്ടയം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാത്തതില്‍ ഇപ്പോള്‍ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടില്‍ രമേശ് ചെന്നിത്തല. സംസ്ഥാനത്ത് പാര്‍ട്ടി ഒരു ഉപതിരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ പരസ്യ പ്രതികരണം നടത്തുന്ന ദേശീയ നേതൃത്വത്തിന് അതൃപ്തിക്കിടയാക്കുമെന്ന വിലയിരുത്തലിലാണിത്. പ്രവര്‍ത്തക സമിതിയെ സംബന്ധിച്ച് തനിക്കുള്ള അതൃപ്തി തിരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ‘ഇപ്പോള്‍ തിരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട. മറ്റൊന്നും മുന്നിലില്ല. മറ്റുകാര്യങ്ങളെക്കുറിച്ച് ആറാം തീയതിക്കുശേഷം പ്രതികരിക്കും’ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുമായി വര്‍ഷങ്ങളുടെ ബന്ധമാണ് ഉള്ളത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് മത്സരിക്കുന്നത്. അദ്ദേഹത്തിന് ഒരു ചരിത്രഭൂരിപക്ഷം നേടികൊടുക്കുകയാണ് മുഖ്യ ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഏത് തീരുമാനത്തിനൊപ്പവും ഉറച്ചുനില്‍ക്കുന്ന നേതാവാണ് രമേശ് ചെന്നിത്തലയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. അദ്ദേഹത്തിന് ഒരു അതൃപ്തിയുമില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടനയെപ്പറ്റി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഈ പ്രതികരണം സംബന്ധിച്ച് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോഴാണ് മറ്റുകാര്യങ്ങള്‍ക്കൊക്കെ ആറാം തീയതി മറുപടി നല്‍കുമെന്ന് ചെന്നിത്തല വ്യക്തമാക്കിയത്. അതേ സമയം ചെന്നിത്തലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അതൃപ്തിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് അത് പരിഹരിക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ‘രമേശ് ചെന്നിത്തല കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ പ്രധാനപ്പെട്ട കോണ്‍ഗ്രസിന്റെ നേതാവാണ്. അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നേതൃത്വത്തിന് ഒരു മടിയും ഉണ്ടാകില്ല’ വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ച പ്രവര്‍ത്തക സമിതിയില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെട്ടിരുന്നില്ല. സ്ഥിരം ക്ഷണിതാക്കളുടെ പട്ടകയിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നത്. 19 വര്‍ഷം മുമ്പ് ലഭിച്ച പദവി തന്നെയാണ് ചെന്നിത്തലയ്ക്ക് ഇപ്പോഴും ലഭിച്ചിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

