രാജധാനിയ്ക്ക് നേരെ കല്ലേറ്: ബീഹാര്‍ സ്വദേശിയെ ചോദ്യം ചെയ്തു

കാസര്‍കോട്: കാഞ്ഞങ്ങാടിനും കുശാല്നഗറിനുമിടയില് രാജധാനി എക്സ് പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ബീഹാര്സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തു.ഈയാള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് സ്ഥിരികരിച്ചിട്ടില്ല.
രാജധാനി എക്സ്പ്രസിന് ഉള്ളില്‍ സി സി ടി വി ഉണ്ടെങ്കിലും അതിന് പുറത്തേക്ക് കവറേജ് ഇല്ലാത്തത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി. എന്നാല്‍ രാജധാനിക്ക് തൊട്ട് മുമ്ബ് കടന്നുപോയ വന്ദേഭാരത് എക്സ്പ്രസിലെ സി.സി ടി.വിയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ബീഹാര്‍ സ്വദേശിയെ ചോദ്യം ചെയ്തത്.
ജോലിക്ക് പോകാനാണ് അതുവഴി എത്തിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇയാള്‍ ട്രാക്കിന് സമീപം ഉണ്ടായ സമയവും മൊഴിയില്‍ പറഞ്ഞ സമയവും പരസ്പര വിരുദ്ധമാണെന്നാണ് വിവരം. കാഞ്ഞങ്ങാട് ഡിവൈ. എസ്.പി പി. ബാലകൃഷ്ണൻ നായര്‍, ബേക്കല്‍ ഇൻസ്പെക്ടര്‍ യു.പി.വിപിൻ, കണ്ണൂര്‍ ആര്.പി.എഫ് സി.ഐ ബിനോയ് ആന്റണി, കാസര്‍കോട് ആര്.പി.എഫ് എസ്.ഐ കതിരേഷ് ബാബു, എ.എസ്.ഐ ബിനോയ് കുര്യൻ എന്നിവര്‍ ഇന്നലെ ഒത്തുചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി.
നാട്ടുകാരെ ഉള്‍പ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പ്
ട്രെയിനുകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമത്തില്‍ പങ്കാളികളാകുന്നവരെ പിടിക്കാൻ റെയില്‍വെ പൊലീസും ആര് പി എഫും നാട്ടുകാരുടെ സഹായത്തോടെ വാട്സ്ആപ് ഗ്രൂപ്പിന് രൂപം നല്‍കിയിട്ടുണ്ട് . റെയില്‍വെ ട്രാക്കിന് സമീപം താമസിക്കുന്നവരും ജനപ്രതിനിധികളും അന്വേഷണ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് ഈ ഗ്രൂപ്പ്. അസമയങ്ങളില്‍ ട്രാക്കിന് സമീപം ആളുകളെ കണ്ടാലോ അക്രമം ശ്രദ്ധയില്‍പെട്ടാലോ ഉടനടി വിവരം നല്‍കുകയെന്ന ഉദ്ദേശമാണ് ഇതിന് പിന്നില്‍.

